നിയന്ത്രിത തിരക്കിന്റെ സാഹചര്യത്തിൽ, ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്.
അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാൻ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതൽ ക്യൂവാണ്. തിരക്കിനെ തുടർന്ന് ഇന്നലെ വഴിയിൽ തടഞ്ഞുനിർത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവർ കൂടിയെത്തുന്നതോടെ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്. പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല.
അതേസമയം ഒരു ദിവസത്തിൻ്റെ പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നുമാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷണൻ പ്രതികരിച്ചത്. അനിയന്ത്രിതമായ തിരക്കുണ്ടാവുബോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ശബരിമലയിലുണ്ടായതെന്നും മന്ത്രി പറയുന്നു. എന്നാൽ നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ ഇടുക്കിയിൽ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2250 പൊലീസുകാരാണ്. എറണാകുളത്ത് 2200 പേരും. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനുസരിച്ചു കെഎപി ക്യാംപുകളിൽനിന്നു കൂടുതൽ പൊലീസുകാരെ എത്തിച്ചിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല.
Read Also : 12.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ