കൽപറ്റ∙1000 രൂപ പിഴ അടപ്പിച്ച്, ഇൻഷുറൻസ് അടച്ച രേഖയുമായി എത്തിയാൽ വിട്ടുതരാമെന്നു പറഞ്ഞാണ് 2017 ഡിസംബറിൽ നാരായണന്റെ ഓട്ടോ പൊലീസ് കൊണ്ടുപോയത്. കൊച്ചിയിൽ സെക്യൂരിറ്റി ജോലി ചെയ്ത് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 8000 രൂപയുണ്ടാക്കി 2 മാസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ഓട്ടോ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുപൊളിച്ചിട്ടിരിക്കുന്നതാണ്. ഇൻഷുറൻസ് ഇല്ലാത്തതിന് പിടിച്ചെടുത്ത ഓട്ടോ പൊലീസ് മണ്ണുമാന്തിയന്ത്രം വച്ച് ഇടിച്ചുപൊളിച്ച് ഇരുമ്പുവിലയ്ക്കു തൂക്കിവിറ്റ സംഭവത്തിൽ നഷ്ടപരിഹാരത്തിന് 5 വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ഉടമ മേപ്പാടി മുക്കിൽപീടിക സ്വദേശി എൻ.ആർ.നാരായണൻ. സ്റ്റേഷനിൽ സ്ഥലമില്ലെന്നു പറഞ്ഞ് മേപ്പാടി പൊലീസ് ലേലം ചെയ്തു വിറ്റുകളഞ്ഞത് ഈ പാവത്തിന്റെ ജീവിതമായിരുന്നു.ഇന്നലെ നാരായണൻ കലക്ടറേറ്റിൽ പോയപ്പോൾ, പരാതി ജില്ലാ പൊലീസ് മേധാവിക്ക് അയച്ചിട്ടുണ്ടെന്നും പൊലീസിൽ അന്വേഷിക്കാനും മറുപടി കിട്ടി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയപ്പോൾ കലക്ടറേറ്റിൽ അന്വേഷിക്കാൻ പറഞ്ഞയച്ചു.
ഉന്തിക്കൊണ്ടു പോകാൻ പോലും പറ്റാത്ത ഓട്ടോയ്ക്ക് ഇൻഷുറൻസ് പുതുക്കാൻ കമ്പനികൾ സമ്മതിച്ചില്ല. ആകെയുണ്ടായിരുന്ന കടമുറി വിറ്റു വാങ്ങിയ ഓട്ടോ ആയിരുന്നു അത്.
സ്റ്റേഷൻ വികസനത്തിനു സ്ഥലം തികയാത്തതിനാൽ, പിടിച്ചെടുത്ത വണ്ടികൾ ഒതുക്കിയിടാൻ തീരുമാനമുണ്ടായെന്നും അതിനിടയിലാണ് ഓട്ടോ പൊളിച്ചതെന്നും അറിയിച്ച പൊലീസുകാർ കേസിനു പോകാൻ ഉപദേശിച്ചു മഹാമനസ്കരായി. വക്കീൽ ഫീസിനു പണമില്ലാത്തതിനാൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയായി പിന്നീടുള്ള ആശ്രയം. ഇതിനിടെ 2022ൽ ഓട്ടോ ഇരുമ്പുവിലയ്ക്ക് ലേലം ചെയ്തു വിറ്റതായും അറിഞ്ഞു.