തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്ത് ചെറുതും വലുതുമായ ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ അടച്ച്പൂട്ടിയെന്ന് കണക്കുകള്‍. വിവിധ വ്യാപാര സംഘടനകള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംഭവിച്ചിട്ടുള്ളത് കോടികളുടെ കച്ചവടത്തിന്റെ നഷ്ടമാണ്. യഥാര്‍ത്ഥ കണക്കുകള്‍ ശേഖരിച്ചാല്‍ താഴ് വീണ സ്ഥാപനങ്ങളുടെ കണക്ക് ഞെട്ടിക്കും.
സര്‍ക്കാര്‍ നയങ്ങള്‍ മുതല്‍ സാമൂഹ്യ മാറ്റങ്ങള്‍ വരെയുള്ള വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്.
ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പൂട്ടിപ്പോകുന്നതിന് കാരണം പലതാണ്.റോഡ് വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ഥലം ഒഴിഞ്ഞു കൊടുക്കല്‍ പോലുള്ള കാര്യങ്ങളിലും വ്യാപാരികള്‍ തന്നെയാണ് ത്യാഗം അനുഭവിക്കുന്നത്. കാര്‍ഷിക വിളകളുടെ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയുമെല്ലാം ആദ്യം ബാധിക്കുന്നതും ഈ മേഖലയെയാണ്. അടച്ചുപൂട്ടിയാല്‍ ഭാവി എന്താകും എന്ന ആശങ്ക മൂലം നഷ്ടംസഹിച്ചും കട നടത്തിക്കൊണ്ടുപോകുന്നവരാണ് വ്യാപാരികളില്‍ ഭൂരിഭാഗവും.
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനം പേരും ആശ്രയിക്കുന്നത് വ്യാപാര മേഖലയെയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ അടച്ച്പൂട്ടല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയാണ്. വ്യാപാര മേഖലയിലെ ചെറിയപ്രതിസന്ധി പോലും സംസ്ഥാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് കവലകൾ കേന്ദ്രീകരിച്ചാണ്. റോഡ്, ഹൈവേ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ ഇവിടം ഒഴിഞ്ഞുകൊടുക്കേണ്ടി വരിക സ്വാഭാവികമാണ്. പലപ്പോഴും പുനരധിവാസം പ്രായോഗികമാകാറുമില്ല. ഒരു സ്ഥലത്ത് കച്ചവടം നന്നായി നടക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. പുതിയ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അത് ലാഭത്തിലാകില്ലെന്നത് മാത്രമല്ല ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു എന്നതും പ്രതിസന്ധിയാണ്.
ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ മുഖേന ലഭ്യമാകും. ഇത് വീടിന് പുറത്ത് പോയി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സമയം ലാഭിക്കാനും കഴിയും. ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്താന്‍ സംവിധാനവുമുള്ളപ്പോള്‍ പുറത്ത് പോകാനുള്ള മലയാളിയുടെ മടിയും കച്ചവട സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്നതിന് ഒരു കാരണമാണ്. ഇനി പുറത്തിറങ്ങിയാലും ഷോപ്പിംഗ് മാളുകളില്‍ പോയാല്‍ അലച്ചില്‍ കുറയുമെന്നതിനാല്‍ വന്‍കിട സ്ഥാപനങ്ങളോടുള്ള താത്പര്യം കൂടുന്നതും ചെറുകിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാണ്.