ബെര്‍ലിന്‍: യൂറോ കപ്പ് ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ പൂട്ടി സ്ലൊവേനിയ പ്രീക്വാർട്ടർ സാധ്യത സജീവമാക്കി. അഞ്ചു പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു.Slovenia held England to a goalless draw
താരാധിക്യമുള്ള ഇംഗ്ലണ്ട് ടീമില്‍നിന്ന് പെരുമയ്‌ക്കൊത്തുള്ള പ്രകടനം ഇന്നും കണ്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരേ വിറച്ചു ജയിച്ച ടീം പിന്നീട് ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങിയിരുന്നു.
ഇപ്പോള്‍ സ്ലൊവേനിയയോടും സമനില തന്നെ ഫലം. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, ഫില്‍ ഫോഡന്‍, ബുക്കയോ സാക്ക പോലുള്ള വന്‍ താരനിരകള്‍ ഇറങ്ങിയിട്ടും ഒരു ഗോള്‍പോലും നേടാനാവാതെ ഉഴറുകയായിരുന്നു ഇംഗ്ലണ്ട്.
മത്സരത്തിന്റെ അഞ്ചാംമിനിറ്റില്‍ത്തന്നെ സ്ലൊവേനിയക്ക് മികച്ച അവസരം ലഭിച്ചു. സ്ലൊവേനിയന്‍ താരം സെസ്‌കോയുടെ ഹെഡര്‍ ഇംഗ്ലണ്ട് ഗോള്‍ക്കീപ്പര്‍ പിക്ക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി.
21-ാം ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിച്ചെങ്കിലും ഓഫ് സൈഡായത് വിനയായി. സ്ലൊവേനിയയുടെ ഭാഗത്തുനിന്ന് ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്ന ചില നീക്കങ്ങളുണ്ടായെങ്കിലും ഗോള്‍ അകന്നുനിന്നു. ആദ്യ 30 മിനിറ്റിനുള്ളില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്ന് ഒരു ഷോട്ട് ഓണ്‍ ടാര്‍ജറ്റ് പോലുമുണ്ടായില്ല.
ആദ്യപകുതിയിലെ സ്ലൊവേനിയയുടെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ട് പരിശീലകന്‍ ടീം തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. സാകയ്ക്ക് പകരം കോള്‍ പാമറിനെ ഉള്‍പ്പെടെ ഇറക്കി പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. യൂറോ കപ്പിലെ പാമറിന്റെ അരങ്ങേറ്റമാണിത്.