കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ സംഘർഷത്തിനിടെ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനു സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്.
നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. മാരകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് കോളേജ് ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ച നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചിരുന്നു. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനാണ് അധ്യാപകനെ മര്‍ദിച്ചതെന്നും കോളേജിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഫ്രറ്റേണിറ്റി-കെ.എസ്.യു. അവിശുദ്ധ സഖ്യം നിരന്തരമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയണെന്നും എസ്.എഫ്.ഐ ആരോപിച്ചിരുന്നു.
Read Also: ആരോഗ്യ പ്രശ്‌നങ്ങൾ: ശസ്ത്രക്രിയയ്ക്ക് വിധേയയായി വെയിൽസിന്റെ രാജകുമാരി