പീച്ചി റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മുങ്ങി മരിച്ചു. മലപ്പുറം താനൂർ വെള്ളിയാമ്പുറം ചീരക്കുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്സിന് സമീപം ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് യഹിയ മുങ്ങിത്താണത്.സ്കൂബ ടീം മണിക്കൂറുകൾ നീണ്ട തിരച്ചിലൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കേരള വനഗവേഷണ കേന്ദ്രത്തിൽ ഇന്ത്യൻ ഷിപ്പ് ആയാണ് മഹാരാജാസ് കോളേജിൽ നിന്നുള്ള പന്ത്രണ്ടംഗസംഘം എത്തിയത്. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ യഹിയ മുങ്ങിത്താഴുകുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് അടുത്തുള്ളവർ എത്തുമ്പോഴേക്കും യഹിയ മുങ്ങിത്താണിരുന്നു. പിന്നീട് സ്കൂബ ടീം സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. എംഎസ്സി ബോട്ടണി വിദ്യാർഥിയാണ് യഹിയ.