കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം. ബാനർ ഉയർത്തിയതിൽ വിസിയോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനാണെന്നും ഗവർണർ പോലീസിനോട് ചോദിച്ചു. കാമ്പസിൽ എത്തിയ ഗവർണർ കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ബാനറുകൾ സ്ഥാപിച്ചതിനെതിരേ രോഷപ്രകടനം നടത്തിയത്. കാംപസിലെ റോഡിൽ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് അദ്ദേഹം രാജ്ഭവൻ സെക്രട്ടറിയെ ഫോണിൽ വിളിച്ചത്.
ഗവർണർക്കെതിരേ കഴിഞ്ഞദിവസംതന്നെ സർവകലാശാല കാമ്പസിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നു. സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇത്. ‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്നായിരുന്നു ബാനറുകളിലൊന്നിൽ എഴുതിയിരുന്നത്. സമാനമായ നിരവധി ബാനറുകൾ കാംപസിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു.
അതെ സമയം ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി, ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. എസ്എഫ്ഐ ക്കാർ ഓടിപ്പോയി എന്ന് ഗവർണർ വീമ്പ് പറയുന്നു. ഗവർണ്ണർ എന്തൊക്കെയോ വിളിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ പെരുമാറ്റം രാജ്യം തന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലായി. സെനറ്റിലേക്ക് ഗവർണർ പേരുകൾ നൽകിയത് ആർഎസ്എസ് നിർദ്ദേശപ്രകാരമാണ്. യൂണിവേഴ്സിറ്റി നൽകിയ പാനലിലാണ് ഗവർണർ വിവേചന അധികാരം കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : രാജ്യത്ത് ആദ്യമായി JN.1 കോവിഡ് വകഭേദം സ്ഥിരീകരിച്ചു; സ്ഥിരീകരിച്ചത് കേരളത്തിൽ