`
ഫോർട്ട് കൊച്ചി–-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു.
സ്റ്റിയറിങ് പ്രവർത്തിക്കാൻ കഴിയാതായതിനെ തുടർന്നു ഒരുമാസം സർവീസ് നിർത്തിവച്ച റോറോയാണ് സ്റ്റാർട്ട് ചെയ്യാനാകാത്ത നിലയിൽ വീണ്ടും അറ്റകുറ്റപണിക്കു നീക്കിയത്. Sethusagar 2 Ro Ro Janghar has stopped again
2 റോറോയിൽ ഒന്നു നിലച്ചതോടെ റോറോ സേതു സാഗർ -1 മാത്രം സർവീസിലായി. ഒരു ജങ്കാർ നിലച്ചതോടെ, യാത്രാക്ലേശമേറി. 2 റോറോയിൽ ഒന്ന് അറ്റകുറ്റപണിക്കു നീക്കുന്നത് പതിവായതോടെ യാത്രക്കാർ വലയുകയാണെന്നു വൈപ്പിൻ ജനകീയ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
ഇത് പരിഹരിക്കാൻ 3-ാമത് ഒരു റോറോ കൂടി നിർമിക്കണമെന്ന ദീർഘകാല ആവശ്യം ഒടുവിൽ അംഗീകരിച്ചിട്ടും അനന്തര നടപടി ഇഴയുകയാണെന്നു ചെയർമാൻ മജ്‌നു കോമത്ത്,ജനറൽ കൺവീനർ ജോണി വൈപ്പിൻ എന്നിവർ പറഞ്ഞു.
ഒരു ജങ്കാർ തകരാറിലായാൽ ബദലായി മറ്റൊന്ന് ഇറക്കാൻ മൂന്നാമത് ഒരു ജങ്കാർകൂടി ഇവിടെ ആവശ്യമാണ്. സിഎസ്എംഎൽ മൂന്നാം ജങ്കാറിനായി 14.9 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 5 കോടി രൂപ കോർപറേഷനു കൈമാറിയിട്ടുണ്ട്.
ബാക്കി തുക കോർപറേഷൻ ആവശ്യപ്പെടുമ്പോൾ നൽകാമെന്നും സിഎസ്എംഎൽ ഉറപ്പുനൽകിയിട്ടുണ്ട്.
എന്നിട്ടും എംഒയു ഒപ്പിട്ടതല്ലാതെ ഷിപ്പ് യാഡിന് കരാർ നൽകാൻ കോർപറേഷൻ ഇനിയും തയ്യാറായിട്ടില്ല എന്നാണു പരാതി.