വാഷിംഗ്‌ടൺ: മൈക്രോസോഫ്റ്റിന് നേരേ ഗുരുതര സൈബർ ആക്രമണം. ജൂലൈ 30നാണ് സൈബർ അറ്റാക്കുണ്ടായത്. ഇതോടെ മൈക്രോസോഫ്റ്റിൻറെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉൾപ്പടെ പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്. ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയിൽ-ഓഫ്-സർവീസ്-അറ്റാക്ക്വിഭാഗത്തിലുള്ള ആക്രമണമാണ് മൈക്രോസോഫ്റ്റിനു നേരേ ഉണ്ടായത്. ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബർ ആക്രമണമാണിത്.Serious cyber attack on Microsoft. The cyber attack took place on July 30
പ്രധാന മൈക്രോസോഫ്റ്റ് ഉൽപന്നങ്ങളായ ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂർ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ചൊവ്വാഴ്ച ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഏകദേശം 10 മണിക്കൂറോളം സമയം ഈ പ്രതിസന്ധി നീണ്ടുനിന്നു. സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിൻറെ പാളിയ അപ്‌ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐടി പ്രതിസന്ധിക്ക് ശേഷമാണ് മൈക്രോസോഫ്റ്റിനെതിരെ സൈബർ അറ്റാക്കുണ്ടായത്.
ആഗോളമാധ്യമമായ ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് യുകെയിലെ നാറ്റ്‌വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള കമ്പനികളെ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ പുതിയ തകരാർ ബാധിച്ചു. ക്രൗഡ്‌സ്ട്രൈക്കിൻറെ അപ്‌ഡേറ്റിലുണ്ടായ പിഴവിനെ തുടർന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങൾ ലോകമാകെ തകർന്ന് ദിവസങ്ങൾ നീണ്ട പ്രതിസന്ധിയുണ്ടായതിന് രണ്ട് ആഴ്‌ചകൾക്ക് ശേഷം മാത്രമാണ് പുതിയ സംഭവം. ആഗോളമായി 85 ലക്ഷം വിൻഡോസ് മെഷീനുകളാണ് അന്ന് പ്രവർത്തനരഹിതമായത്.
അസ്യൂർ പോർട്ടലിൽ ഇപ്പോഴുണ്ടായ പ്രശ‌്നത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും മൈക്രോസോഫ്റ്റ് ട്വീറ്റ് ചെയ്തു. മൈക്രോസോഫ്റ്റിൻറെ സേവനങ്ങൾ പഴയ രീതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് എന്നും പിന്നാലെ കമ്പനി അറിയിച്ചു.
ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബർ ആക്രമണം അല്ലെങ്കിൽ ആക്രമണ ശ്രമമാണ് ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്. വളരെയധികം ട്രാഫിക് അയച്ചുകൊണ്ട് ഒരു വെബ്‌സൈറ്റിനെയോ ഓൺലൈൻ സേവനത്തെയോ മന്ദഗതിയിലാക്കുകയോ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമല്ലാതാക്കുകയോ ചെയ്യുകയാണ് ഇതിലൂടെ ഹാക്കർമാർ ചെയ്യുക. സിസ്റ്റത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിച്ച് അതിനെ തടസപ്പെടുത്തുക വഴിയാണ് ഇത് സാധ്യമാകുന്നത്.