മലയാളി ഡോക്ടർക്ക് നേരെ യുകെയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രോഗികളുടെ ബന്ധുക്കൾ. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ പീഡിയാട്രിക് കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് കുട്ടികളുടെ മാതാപിതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടർക്കെതിരെ പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു.
ഡോക്ടർ എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് രോഗികളിൽ നിന്നും പണം ഈടാക്കി എന്നതാണ് പ്രധാന ആരോപണം. സ്വകാര്യ സേവനത്തിനായി ആയിരക്കണക്കിന് പൗണ്ട് നൽകിയതായും പക്ഷേ തുടർ പരിചരണമോ മരുന്നോ ലഭിക്കാത്തത് തങ്ങളെ അസ്വസ്ഥതരാക്കിയെന്നും ചില കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
എൻഎച്ച്എസിൽ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങൾ ഡോക്ടറിന്റെ സ്വകാര്യ സേവനം ഉപയോഗിച്ചത്. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ എൻഎച്ച്എസ് ജോലി ചെയ്ത് കൊണ്ടിരിക്കെ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോ. അനീഷ് പിന്നീട് ട്രസ്റ്റിൽ നിന്നും ജോലി ഉപേക്ഷിച്ചു. എന്നാൽ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നിർത്തിയത് തങ്ങളെ ബാധിച്ചതായി മാതാപിതാക്കൾ പറയുന്നു.
എന്നാൽ താൻ അപ്പോയിന്റ്മെന്റുകൾക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോ. അനീഷ് നിഷേധിച്ചു. നിലവിൽ തനിക്ക് അസുഖമുണ്ടെന്നും തനിക്ക് ഇഷ്ടമുള്ളതുപോലെ മാതാപിതാക്കളെ കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎച്ച്എസ് സേവനങ്ങൾക്ക് ഡോ. അനീഷ് രോഗികളിൽ നിന്ന് പണം ഈടാക്കിയിട്ടുണ്ടെന്ന പരാതി വളരെ ഗൗരവമായി എടുത്തതായും ഇത് പരിശോധിച്ചു വരുന്നതായും നോർത്തേൺ ട്രസ്റ്റ് അറിയിച്ചു. സംഭവത്തിൽ ഹെൽത്ത് ട്രസ്റ്റ് അന്വേഷണം ആരംഭിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഡോക്ടർ, തനിക്കെതിരെ പരാതി നൽകിയ മാതാപിതാക്കളെ കാണാനും അവരോട് ക്ഷമ ചോദിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
വായ്പയെടുത്ത് കൃഷി തുടങ്ങി; പക്ഷെ വിളവെടുക്കാറായപ്പോൾ കർഷകന് കിട്ടിയത് എട്ടിന്റെ പണി !
ഇടുക്കി ശാന്തിഗ്രാം ഇടിഞ്ഞമല കുരിശുമലക്ക് സമീപം പാട്ടത്തിനെടുത്ത് കൃഷിചെയ്ത ഒരേക്കറോളം കപ്പകൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം. സ്വർണം പണയം വെച്ചും കർഷക സംഘങ്ങളിൽ നിന്നും വായ്പയെടുത്തും തുടങ്ങിയ കൃഷി കാട്ടുപന്നി കുത്തിമറിച്ചതോടെ പണയം തിരിച്ചടക്കാൻ കഴിയാതെ കർഷകൻ.
ഇടിഞ്ഞ മല ഇടത്തിപ്പറമ്പിൽ മാത്യുവിന്റെ കപ്പത്തോട്ടമാണ് കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ചത്. ഇതോടെ 72 കാരനായ മാത്യു പരാതിയുമായി പഞ്ചായത്തിനെയും, കൃഷിഭവനേയും, വനംവകുപ്പിനേയും സമീപിച്ചു.
പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ജെസിബി ഇറക്കി വൻ മുതൽ മുടക്കിയാണ് കപ്പകൃഷി തുടങ്ങിയത്. സ്ഥലത്തിന് ചുറ്റും കാട്ടുപന്നികളുടെയും മറ്റും ശല്യം ഉണ്ടാകാതിരിക്കാൻ ഗ്രീൻ നെറ്റ് കൊണ്ട് വേലിയും തീർത്തു.
വിളവ് അഞ്ചുമാസം കഴിഞ്ഞ സമയത്താണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികൾ കൂട്ടമായി എത്തി വേലി തകർത്ത് അകത്തുകടന്നത്. നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇടുക്കിയിലും അള്‍ട്രാ വയലറ്റ് ഭീഷണി..! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ:
അള്‍ട്രാ വയലറ്റ് ഇന്‍ഡെക്‌സില്‍ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളില്‍ ഇടുക്കിയും. വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇന്‍ഡെക്സ് 8 ആണ്. ആറു മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ടും എട്ടു മുതല്‍ പത്ത് വരെ അതീവ ജാഗ്രതയുള്ള ഓറഞ്ച് അലര്‍ട്ടുമാണ്.
യുവി ഇന്‍ഡെക്‌സ് 11 ന് മുകളിലെത്തുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം.
യുവി ഇന്‍ഡെക്‌സില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ജില്ലയില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഒന്‍പതിലെത്തിയ യുവി ഇന്‍ഡെക്‌സ് വെള്ളിയാഴ്ച എട്ടില്‍ എത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡെക്‌സ് രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് ഇടുക്കി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നീ ജില്ലകളാണ് യുവി ഇന്‍ഡെക്‌സില്‍ അതീവ ജാഗ്രതാ പട്ടികയിലുള്ളത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കനത്ത ചൂടും ഉയര്‍ന്ന യുവി ഇന്‍ഡെക്‌സും ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
ഫയര്‍ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യുക. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വനമേഖലയായതിനാല്‍ ജില്ലയില്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.
കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ വിശ്രമം അനുവദിക്കുകയും ചെയ്യണം.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക.
പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കൈയില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയില്‍ കരുതുക. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. ചൂടുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള സുരക്ഷാമുന്‍കരുതല്‍ നിര്‍ദേശങ്ങളുടെ ബ്രോഷറുകള്‍ https://sdma.kerala.gov.in/brochures-2/ എന്ന ലിങ്കില്‍ ലഭിക്കും.