കോട്ടയം: ബൈക്ക് യാത്രികനായ യുവാവിനെ കൈമുട്ടിന് ഇടിച്ചു വീഴ്ത്തി സ്കൂട്ടർ യാത്രികൻ. ഇന്ന് രാവിലെ 8:45 ന് തെള്ളകത്താണ് സംഭവം നടന്നത്.
കുഴിമറ്റം തുണ്ടിപറമ്പിൽ വീട്ടിൽ അർജുനാണ് പരുക്കേറ്റത്.
കോട്ടയം ഹൊറൈസൺ മോട്ടോഴ്സ് ജീവനക്കാരനാണ്. തെള്ളകം ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു അർജുൻ.

ഇൻഡികേറ്റർ ഇട്ടശേഷം വാഹനം മറുവശത്തേക്ക് കടത്തുന്നതിനിടെയാണ് അപകടം നടന്നത്.
അമിതവേഗത്തിൽ സ്കൂട്ടറിൽ പാഞ്ഞെത്തിയ യുവാവ് ബൈക്കിൻ്റെ ഒപ്പത്തിനൊപ്പം എത്തിയപ്പോൾ കൈമുട്ടിന് ഇടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് അർജുൻ പറയുന്നു.
പിന്നാലെ വന്ന സ്വകാര്യ ബസിലെ സി.സി.ടി.വി ക്യാമറയിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അമിത വേഗത്തിലെത്തിയ സ്കൂട്ടർ യാത്രികൻ അർജുനെ ഇടിച്ചിട്ടശേഷം തിരിഞ്ഞു നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

മനഃപൂർവം അപകടത്തിൽ പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് അർജുൻ്റെ സംശയം. ഇതേ തുടർന്ന് കോട്ടയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ സ്കൂട്ടർ അമിത വേഗതയിലായതിനാൽ നിരീക്ഷണ കാമറകളിൽ ഒന്നും നമ്പർ പതിഞ്ഞിട്ടില്ല. കറുത്ത ഷോർട്സും വെള്ള ബനിയനും ധരിച്ച യുവാവാണ് സ്കൂട്ടർ ഓടിച്ചത്.