പന്നിയങ്കര ടോൺ പ്ലാസയിൽ ഈ മാസം ആറാം തീയതി മുതൽ സ്കൂൾ ബസ്സുകൾ നിർബന്ധമായും ടോൾ കൊടുക്കണം. ജൂൺ ആറ് വരെ ടോൾ നൽകേണ്ടതില്ല. സ്കൂൾ വാഹനങ്ങൾക്ക് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധിച്ചിരുന്നു.
പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര 2023ല്‍ അവസാനിച്ചിരുന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
ടോള്‍ കേന്ദ്രത്തിന്‍റെ 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്‍കി സര്‍വീസ് നടത്തേണ്ടതാണ്.
പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നത്.