തിരുവനന്തപുരം: നാളെ മുതൽ ശമ്പള വിതരണം തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പരമാവധി 50000 രൂപയിൽ കൂടുതൽ ഒറ്റത്തവണ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടർന്നേക്കും. ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പുതിയ സാമ്പത്തികവർഷത്തിലും തുടരാനാണ് സാധ്യത.
ഇന്ന് അവസാനിക്കുന്ന മാർച്ചിൽ ട്രഷറിയിൽ 26000 കോടിയോളം രൂപയുടെ ചെലവുണ്ടായെന്നാണ് കണക്ക്. ഇലക്ഷൻ കൂടിയായതോടെ ചില ആനുകൂല്യങ്ങൾ നൽകാൻ 7500കോടിയുടെ അധികചെലവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയസാമ്പത്തിക വർഷത്തിൽ വായ്പ എടുക്കാൻ കഴിയുന്നതിനാൽ, സഹകരണബാങ്ക് കൺസോർഷ്യത്തിലൂടെ ശമ്പളവും പെൻഷനും പണം കണ്ടെത്തിയെന്നാണ് അറിയുന്നത്. ഇതിനു മാത്രമായി 5666 കോടി വേണം. പെൻഷൻകാർക്ക് വേതനപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കുടിശികയുടെ മൂന്നാം ഗഡു ഈ മാസം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് 2000കോടിയോളം വേണ്ടിവരും. സാമൂഹ്യസുരക്ഷാപെൻഷന്റെ കുടിശികയുടെ രണ്ടുഗഡു വിഷുവിനും റംസാനും മുമ്പ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. 12നാണ് റംസാൻ. ഏപ്രിൽ എട്ടിനെങ്കിലും വിതരണം തുടങ്ങണം. അതിന് 1804കോടിരൂപവേണം.