തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ബി.ജെ.പിപിന്തുണയുള്ള സ്ഥാനാർഥിയായി കിറ്റക്സ് എം.ഡി സാബു എം ജേക്കബ് മൽസരിക്കുമോ? ഏഷ്യാനെറ്റ് പുറത്തുവിട്ട ബി.ജെ.പി സാധ്യത പട്ടികയിൽ എറണാകുളത്താണ് സാബു എം ജേക്കബിന്റെ പേര് വന്നതെങ്കിലും ചാലക്കുടിയിൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ബി.ജെ.പി പിന്തുണയോടെ ട്വന്റി ട്വന്റി സ്ഥാനാർഥിയായി മൽസരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. എന്നാൽ സാബു എം ജേക്കബ് ഇതിന് പൂർണമായും സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം.
കിഴക്കമ്പലം പഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 -ക്ക് രൂപം നൽകിയത്.
2013ലാണ് ട്വന്റി 20 ചാരിറ്റബിൾ സൊസൈറ്റി രൂപവൽകരിക്കുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയർമാൻ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നൽകിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവർജ്ജനം അടക്കമുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചാണ് അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്‌സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ മൽസര രംഗത്തിറങ്ങുകയായിരുന്നു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സ്ഥാനാർത്ഥികളായി ബിജെപി പരിഗണിക്കുന്ന പട്ടികയിൽ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ട്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയിൽ പി സി ജോർജ്ജും ഷോൺ ജോർജ്ജും കുമ്മനം രാജശേഖരനുമുണ്ട്. എറണാകുളം മണ്ഡലത്തിൽ അനിൽ ആന്റണിയെയും കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ പേരും പരിഗണിക്കുന്നു. ചാലക്കുടി മണ്ഡലത്തിൽ മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.
ആലപ്പുഴ മണ്ഡലത്തിൽ അനിൽ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ സി രഘുനാഥിനാണ് സ്ഥാനാർത്ഥിയായി സാധ്യതാ ലിസ്റ്റിൽ മുൻതൂക്കമുള്ളത്. പി കെ കൃഷ്ണദാസിന്റെ പേരാണ് കാസർകോട് മണ്ഡലത്തിൽ പരിഗണിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിൽ എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, പ്രഫുൽ കൃഷ്ണ എന്നിവരാണ് പരിഗണനയിലുള്ളത്.