ന്യൂഡൽഹി: പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡും ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്‌ലയിങ് ഫ്‌ലീ എന്ന ഇവി സബ് ബ്രാൻഡിന്റെ കീഴിൽ നടപ്പു സാമ്പത്തികവർഷത്തിന്റെ നാലാംപാദമായ ജനുവരി- മാർച്ച് പാദത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള പ്രവേശനം സി6 മോഡലിൽ ആരംഭിക്കാനാണ് തീരുമാനം. തുടർന്ന് എസ്6 ലോഞ്ച് ചെയ്യും.
‘ഞങ്ങൾ നിലവിൽ ഒരു പരീക്ഷണ ഘട്ടത്തിലാണ്. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്,’- ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ ബി ഗോവിന്ദരാജൻ പറയുന്നു. നിലവിലുള്ള റീട്ടെയിൽ ഫോർമാറ്റിൽ ആദ്യ ഇവി വിൽക്കണോ, അതോ ഡയറക്ട് ടു കൺസ്യൂമർ മോഡൽ സ്വീകരിക്കണോ എന്ന് റോയൽ എൻഫീൽഡ് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് താരിഫ് നയവുമായി ബന്ധപ്പെട്ട നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആഗോളതലത്തിൽ ശക്തമായ സാന്നിധ്യമുള്ള റോയൽ എൻഫീൽഡ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോയൽ എൻഫീൽഡ് 10 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകളാണ് ഇന്ത്യയിൽ വിറ്റത്. വർഷം തോറും വിൽപ്പനയിൽ 11 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ കയറ്റുമതി 37 ശതമാനം വർധിച്ച് 107,143 യൂണിറ്റായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.