“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം
തിരുവനന്തപുരം: വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെ പേരിലുള്ള ഭൂമി ‘അന്യകൈവശം’ (Adverse Possession) എന്ന നിയമവ്യവസ്ഥ ദുരുപയോഗപ്പെടുത്തി തട്ടിയെടുക്കാൻ ഒത്താശ ചെയ്ത റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം.
കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കാണ് സംരക്ഷണം ലഭിക്കുന്നതെന്നും, ഭരണാനുകൂല സംഘടനകളുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്നുമാണ് ആരോപണം.
ദക്ഷിണ മേഖല റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സെപ്റ്റംബർ 23ന് ലാൻഡ് റവന്യു കമ്മിഷണർക്ക് കൈമാറിയിരുന്നു.
തിരുവനന്തപുരത്തെ ചിറയിൻകീഴ്, വർക്കല താലൂക്കുകളിലായി നൂറുകണക്കിന് സ്വകാര്യ ഭൂമികൾ മാഫിയ സംഘം കൈവശപ്പെടുത്തിയ കേസുകളാണ് അന്വേഷണ വിധേയമായത്.
ചിറയിൻകീഴിലെ 83 കേസുകളും വർക്കലയിലെ 89 കേസുകളും വിജിലൻസ് പരിശോധിച്ചു.
പരിശോധനയിൽ, പോക്കുവരവ് ചട്ടം 28 പ്രകാരം ക്രമപ്രകാരമല്ലാതെ നടപടികൾ സ്വീകരിച്ചതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
അന്യകൈവശം എന്ന നിയമവ്യവസ്ഥ ദുരുപയോഗപ്പെടുത്തിയാണ് ഭൂമി തട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വ്യാജ ആധാരം ചമച്ച് മറിച്ചുവിൽപ്പന
1966ലെ പോക്കുവരവ് ചട്ടം 28 പ്രകാരം, 12 വർഷത്തിലധികം ഒരാൾ തുടർച്ചയായും പരസ്യ തർക്കങ്ങളില്ലാതെയും കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് നികുതി അടയ്ക്കാൻ അനുമതിയുണ്ട്.
അപേക്ഷയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ അന്വേഷണം നടത്തി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും തഹസീൽദാർ അന്യകൈവശം അനുവദിക്കുകയും ചെയ്യും. എന്നാൽ ഇതുവഴി ഉടമസ്ഥാവകാശം ലഭിക്കില്ല, നികുതി അടയ്ക്കാൻ മാത്രമാണ് അനുമതി.
ഈ നിയമത്തിലെ പോരായ്മ ഉപയോഗിച്ച് വ്യാജ ആധാരങ്ങൾ ചമച്ച് ഭൂമി സ്വന്തമാക്കി പിന്നീട് മറിച്ചുവിൽക്കുകയാണ് മാഫിയ സംഘം ചെയ്യുന്നതെന്ന് വിജിലൻസ് റിപ്പോർട്ട് പറയുന്നു.
തട്ടിപ്പിന്റെ വഴികൾ
വർഷങ്ങളായി നികുതി അടയ്ക്കാത്ത ഭൂമിയുടെ ഉടമ വിദേശത്ത് സ്ഥിരതാമസമാക്കിയതാണെന്ന് കണ്ടെത്തി, അന്യകൈവശ ഭൂമിയെന്ന് അവകാശപ്പെട്ട് വ്യാജ അപേക്ഷ നൽകും.
ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, തയ്യാറാക്കിയ സാക്ഷികളെ ഹാജരാക്കി വില്ലേജ് ഉദ്യോഗസ്ഥർ വഴി വ്യാജ റിപ്പോർട്ട് തയ്യാറാക്കും.
തണ്ടപ്പേർ അനുവദിക്കുന്നതിനെതിരെ 15 ദിവസത്തിനകം ആക്ഷേപം അറിയിക്കണമെന്ന നോട്ടീസ് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ പതിക്കേണ്ടതുണ്ടെങ്കിലും, മാഫിയ സംഘം ഇത് കൈപ്പറ്റി നശിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary
Revenue officials accused of aiding land grabbing by misusing the ‘adverse possession’ provision to seize properties owned by expatriates are allegedly being protected despite vigilance findings. An investigation into hundreds of cases in Chirayinkeezhu and Varkala taluks revealed serious procedural lapses, forged documents, and systematic manipulation by land mafias, with no action taken against guilty officials.
revenue-officials-protected-adverse-possession-land-grab-kerala
Kerala Land Scam, Adverse Possession, Revenue Vigilance, Land Mafia, Expat Properties, Revenue Department, Kerala News









