സംസ്ഥാന സർക്കാർ റീടെസ്റ്റ് ചെയ്യേണ്ട വാഹനങ്ങളുടെ നികുതി 50 ശതമാനം ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിന്നാലെ റീടെസ്റ്റ് ഫീസ് എട്ടിരട്ടിയായി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇതോടെ പഴയ ചെറുകാറുകൾ റീ ടെസ്റ്റ് ചെയ്യണമെങ്കിൽ കാറിന്റെ വില ഫിറ്റനസ് ടെസ്റ്റിനായി നൽകേണ്ടി വരും.
നിലവിൽ ചെറുകാറുകളായ മാരുതി 800, ആൾട്ടോ പോലെയുള്ള വാഹനങ്ങൾക്ക് നികുതിയും ടെസ്റ്റിങ്ങ് ഫീസുമായി 14500 രൂപ നൽകണം. പെയിന്റിങ്ങും ടയർ മാറുന്നതും കൂടെ കണക്കാക്കിയാൽ 20,000-25000 രൂപ വരെ ചെലവാകും. പഴയ കാറുകൾ കൊണ്ടു നടക്കുന്ന സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികം തുകയാണ് ഇത്.
കേന്ദ്ര സർക്കാർ ടെസ്റ്റിങ്ങ് ഫീസ് ഉയർത്തുന്നതോടെ തുക വീണ്ടും ഉയരും. ഇതോടെ കൈവശമുള്ള പഴയ വാഹനം പൊളിച്ചു കളയുന്നതാകും ലാഭം എന്ന സ്ഥിതിയുണ്ടാകും.
നിലവിൽ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് പഴയ വാഹനങ്ങൾ പരിശോധിക്കുന്നത്. എന്നാൽ യന്ത്രവത്കൃത പരിശോധന വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 15 വർഷമാണ് പുതിയ സ്വകാര്യ വാഹനത്തിന്റെ ഫിറ്റ്‌നെസ് കാലാവധി പിന്നീട് അഞ്ചു വർഷത്തേക്കാണ് ഫിറ്റ്‌നെസ് നൽകുക.