ചെന്നൈ: അപൂർവ്വയിനം പിഗ്മി കൊലയാളി തിമിംഗലത്തെ കണ്ടെത്തി. രാമനാഥപുരത്ത് കണ്ടത്തിയ 1.5 മീറ്റർ നീളമുള്ള തിമിംഗലത്തെ തൂത്തുക്കുടി വൈൽഡ് ലൈഫ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്ന് പ്രകാരം വംശനാശഭീഷണി നേരിടുന്ന ഇനമാണ് പിഗ്മി തിമിംഗലങ്ങൾ.ജൈവ വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ മാന്നാർ ഉൾക്കടലിൽ ഉൾപ്പെട്ട കടൽ തീരമാണ് രാമനാഥപുരം.
പരിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം ആഴക്കടലിലേക്ക് തുറന്ന് വിടുകയായിരുന്നു. കുഞ്ഞൻ തിമിംഗലം കരയിൽ അടിഞ്ഞതിന് പിന്നാലെ പ്രായപൂർത്തിയായ രണ്ട് പിഗ്മി തിമിംഗലങ്ങൾ പ്രദേശത്തെത്തി. ഇത് തീരദേശ വാസികൾക്ക് അപൂർവ്വ കാഴ്ചയായി.
117 ഇനം പവിഴപ്പുറ്റുകൾ, അപൂർവ്വ മത്സ്യങ്ങൾ, വംശനാശഭീഷണി നേരിടുന്ന ഡോൾഫിനുകൾ, ആമകൾ, തിമിംഗലങ്ങൾ എന്നിവ രാമനാഥപുരത്തുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആഴക്കടലിൽ ജീവിക്കുന്ന പിഗ്മി തിമിംഗലങ്ങളെ വളരെ അപൂർവമായി മാത്രമേ മാന്നാർ ബയോസ്ഫിയർ റിസർവിൽ കാണപ്പെടാറുള്ളുവെന്ന് വന്യജീവി വാർഡൻ ബക്കൻ ജഗദീഷ് സുധാകർ പറഞ്ഞു. തിമിംഗലം കരയിൽ അടിഞ്ഞതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.