ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം പുറത്ത് വന്നതൊടെ ഇയാളെ തേടി വിവിധ സ്ഥലങ്ങളിൽ എൻഐഎ സംഘം
പരിശോധന നടത്തുകയാണ്. പ്രതിയുടെ ചില കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹായവും നേരത്തെ എൻഐഎ തേടിയിരുന്നു. കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് അധികൃതർ പാരിതോഷികം പ്രഖ്യാപിച്ചത്. എൻ.ഐ.എയോടൊപ്പം ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈെം ബ്രാഞ്ചും അന്വേണത്തിൽ സഹകരിക്കുന്നുണ്ട്. കർണാടകയിലെ ബല്ലാരിയിൽനിന്ന് നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമുള്ള ഒരു വ്യാപാരിയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാർച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നായിരുന്നു കഫേയിൽ സ്ഫോടനമുണ്ടായത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ച ഒരാളുടെ ദൃശ്യം നേരത്തെ അധികൃതർ പുറത്തുവിട്ടിരുന്നു. ഇയാൾ കടയിലേക്ക് വന്ന് 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാൾ 11.38-ഓടെയാണ് റവ ഇഡ്‌ലി ഓർഡർ ചെയ്തത്. 11.44-ഓടെ ഇയാൾ വാഷ് ഏരിയയിൽ എത്ത്. തുടർന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിച്ചു.
11.45-ഓടെയാണ് ഇയാൾ കഫേ വിട്ടുപോകുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാൾ റോഡിലൂടെയാണ് തിരിച്ചുപോയത്. ഇത് സി.സി.ടി.വി. ക്യാമറയിൽ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഇതേദിവസം, രാത്രി ഒമ്പത് മണിയോടെ ഇയാൾ ബസ് സ്റ്റേഷനിൽ നടക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതിയുടെ തൊപ്പി ധരിക്കാതെയുള്ള ചിത്രങ്ങൾ എൻഐഎ പുറത്തുവിട്ടിരുന്നു. സ്‌ഫോടനം നടന്ന ദിവസം വൈകുന്നേരത്തോടെ ബെല്ലാരി ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്. അവിടെ നിന്ന് ഒരു ഓട്ടോ വാടകയ്‌ക്ക് എടുത്താണ് ഇയാൾ നഗരത്തിലേക്ക് പോയത്. കൂടാതെ രണ്ട് പേരുമായി ഇയാൾ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവർ രണ്ടുപേരും കലബുറഗി സ്വദേശികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. KA 32 F 1885 നമ്പർ ബസിലാണ് ഇരുവരും ബെല്ലാരിയിൽ നിന്ന് കലബുറഗിയിലേക്ക് യാത്ര ചെയ്തത്. അതിലൊരാൾ കലബുറഗിയിലെ രാം മന്ദിർ സർക്കിളിൽ ഇറങ്ങിയിരുന്നു. നിലവിൽ കലബുറഗിയിലുള്ള എൻഐഎ സംഘം ബസ് സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവികൾ പരിശോധിച്ചുവരികയാണ്.
കലബുറഗിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബിദർ ജില്ലയിലെ ഹുമ്നാബാദ് കേന്ദ്രീകരിച്ചും എൻഐഎ സംഘം തിരച്ചിൽ നടത്തുന്നുണ്ട്. തെലങ്കാന അതിർത്തിയാണ് ഈ പ്രദേശം. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുടെ തെലങ്കാന മൊഡ്യൂളിലെ അംഗമായ അബ്ദുൾ സലീമിനെ ഇവിടെ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്‌ഫോടനത്തിന്റെ രണ്ടാം ദിവസമായിരുന്നു അറസ്റ്റ്. ഇയാൾക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് എൻഐഎ സംഘത്തിന് ലഭിച്ച വിവരം.