മുബൈ : ചരക്ക് കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ഇന്ത്യ ഗൗരവമായി പരിഗണിക്കുന്നുവെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് രംഗത്ത്. ഇന്ത്യൻ സമുദ്രാർത്ഥിയ്ക്ക് സമീപം അറബി കടലിൽ എം.വി.ചെം പ്ലൂട്ടോ എന്ന കപ്പലും ചെങ്കടലിൽ വച്ച് എം.വി.സായി ബാബ എന്ന കപ്പലും ആക്രമിക്കപ്പെട്ടിരുന്നു. ഇതിൽ സായി ബാബ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ചരക്ക് കപ്പലാണ്. അഞ്ച് ദിവസത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണങ്ങൾ ഗൗരവമായി കാണുന്നുവെന്ന് രാജ്നാഥ് സിങ്ങ് പറഞ്ഞു. മുബൈയിൽ ഐ.എൻ.എസ് ഇംഫാൽ എന്ന യുദ്ധകപ്പൽ കമ്മീഷൻ ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി. കപ്പലുകൾ ആക്രമിച്ചവർ ആരായാലും അവരെ പിടികൂടുമെന്ന് അദേഹം വ്യക്തമാക്കി. ഇറാൻ പിന്തുണയോടെ ഹൂതി വിമതർ ആക്രമണം നടത്തിയെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ഉള്ളവരെക്കുറിച്ച് ഇത് വരെ ഇന്ത്യ ആരോപണം ഉന്നയിച്ചിട്ടില്ല. ഇതാദ്യയാണ് സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുന്നത്.
ഇന്ത്യയോട് ബന്ധപ്പെട്ട് കിടക്കുന്ന സമുദ്രമേഖലകളിൽ എല്ലാം സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. അറബി കടലിൽ കൂടുതൽ നാവികസേനയെ വിന്യസിച്ചിട്ടുണ്ട്.