പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൻ്റെ ഭാഗമായ് നടന്ന പരിശോധനയിൽ വ്യാജ ആധാർ കാർഡ് നിർമ്മാണ കേന്ദ്രം കണ്ടെത്തി.
പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിംഗിൽ ഗ്രൗണ്ട് ഫ്ലോറിലെ ആസാം മൊബൈൽ ഷോപ്പിലാണ് വ്യാജരേഖ നിർമ്മിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആസാം നാഗൗൺ ജൂറിയ സ്വദേശി ഹാരിജുൽ ഇസ്ലാം (26)നെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
ഇതര സംസ്ഥാനത്തൊഴിലാളികൾക്കാണ് ഇയാൾ രേഖകൾ നിർമ്മിച്ചു നൽകുന്നത്. ഷോപ്പിൽ നിന്ന് വ്യാജ ആധാർ കാർഡുകൾ കണ്ടെടുത്തു.
ആധാർ കാർഡുകൾ, ലാപ്പ്ടോപ്പ്, പ്രിൻ്റർ, മൊബൈൽ ഫോണുകൾ, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടി. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയിൽ ഹെറോയിൻ വിൽപ്പന നടത്തിയ ഒരു മലയാളി ഉൾപ്പടെ ആറ് പേരെ പിടികൂടി.
കഞ്ചാവ് വിൽപ്പന നടത്തിയ ഏഴ് പേരെ അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ച പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് പതിനൊന്ന് പേരെ പിടികൂടി.
അല്ലപ്ര കുരിശ് കവല ഭാഗത്ത് മദ്യവിൽപ്പന നടത്തിയ കാട്ടം പിളളിൽ വിനീഷിനെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് മദ്യക്കുപ്പികൾ, വെള്ളം, ഡിസ്പോസിബിൾ ഗ്ലാസുകൾ എന്നിവയടങ്ങിയ ബാഗ് കണ്ടെടുത്തു.
എ എസ് പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു