ദില്ലി : 2016ൽ 7.8 ബില്യൺ യൂറോയ്ക്ക് ഫ്രാൻസും ഇന്ത്യയും നടത്തിയ 36 റഫേൽ യുദ്ധവിമാന ഇടപാടിൽ അഴിമതി നടന്നുവെന്നാരോപണം. ഇത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും അതാത് രാജ്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ത്യയിൽ സിബിഐ അന്വേഷിച്ച കേസിൽ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും, അഴിമതി ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേ സമയം ഫ്രാൻസിൽ രണ്ട് മുതിർന്ന് ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇത് വരെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇന്ത്യൻ സർക്കാർ സഹകരിക്കാത്തത് കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് പാരീസ് ആസ്ഥാനമായ അന്വേഷണാത്മക വെബ്‌സൈറ്റ് മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നു.
ജുഡീഷ്യൽ സമിതി ആവിശ്യപ്പെട്ടത് പ്രകാരം ദില്ലിയിലെ ഫ്രാൻസിന്റെ അംബാസഡർ ഇമ്മാനുവേൽ ലെനൈൻ പല തവണ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടാൻ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു. പല കേസുകളും ഇന്ത്യ കൈകാര്യം ചെയ്യുന്നതിൽ നീണ്ട കാലതാമസം വരുത്തുന്നതായി ഫ്രഞ്ച് അംബാസിഡർ ജുഡീഷ്യൽ സമിതിയ്ക്ക് അയച്ച കത്തും മീഡിയപാർട്ട് ചൂണ്ടികാട്ടുന്നു. 2023 ജൂലൈ 25-നാണ് നയതന്ത്ര കുറിപ്പ് എഴുതിയിരിക്കുന്നത്. അന്വേഷണം സംബന്ധിച്ച് എല്ലാ ആശയവിനിമയും അവസാനിപ്പിക്കാൻ എട്ട് മാസങ്ങൾക്ക് മുമ്പേ നിർബന്ധിച്ചതായും റിപ്പോർട്ട് പറയുന്നു. ഇപ്പോൾ ബ്രസീലിലെ ഫ്രാൻസിന്റെ അംബാസഡറാണ് ഇമ്മാനുവേൽ ലെനൈൻ.
ഓഗസ്റ്റ് 11, 12 തീയതികളിൽ കൊൽക്കത്തയിൽ നടന്ന ജി 20 അഴിമതി വിരുദ്ധ ഉച്ചകോടിയിൽ കേസുകളെക്കുറിച്ച് ഇന്ത്യാ സർക്കാരുമായി ചർച്ച നടത്താൻ ഫ്രാൻസ് സർക്കാർ ശ്രമം നടത്തിയതായും ജുഡീഷ്യൽ കമ്മീഷന് അയച്ച നയതന്ത്ര കുറിപ്പിൽ അംബാസഡർ അവകാശപ്പെടുന്നു. അതേ സമയം അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിനോട് ഫ്രഞ്ച് സർക്കാരിനും വലിയ താൽപര്യമില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ ഒരു പോലെ പ്രതികൂട്ടിലാക്കുന്നതാണ് അഴിമതി ആരോപണം. അന്വേഷണം നീട്ടാൻ ഇരു സർക്കാരുകളും ഐക്യപെട്ടെന്ന് മീഡിയ പാർട്ട് വിമർശിക്കുന്നു.
റഫാൽ യുദ്ധവിമാനകമ്പനിയായ ദസാൾട്ട്, മറ്റൊരു പ്രതിരോധ ഹെലികോപ്‍ടർ നിർമാണ കമ്പനിയായ അഗസ്ത വെസ്റ്റ്ലാൻഡ് എന്നീ കമ്പനികൾക്കായി ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാരോപിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ വ്യവസായി സുഷേൻ ഗുപതയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെക്കുറിച്ചുള്ള രേഖകൾ 2018ൽ ഫ്രാൻസിലെ ജുഡീഷ്യൽ കമ്മീഷൻ ആവിശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് നൽകിയില്ല. ഫ്രാൻസ് സർക്കാരും സമാനമായ രീതിയിൽ ചില രഹസ്യരേഖകൾ നൽകാൻ വിസമ്മതിക്കുന്നു. ഇന്ത്യയ്ക്ക് കൈമാറിയ റഫാൽ വിമാനങ്ങളുടെ അറ്റകുറ്റപണികൾക്കായി അനിൽ അംബാനി സ്ഥാപിച്ച ദസ്സാൾട്ട് റിലയൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡിനെ(DRAL)ക്കുറിച്ചുള്ള രേഖകളും കമ്മീഷന് ലഭ്യമാക്കിയിട്ടില്ല.
പൊതുമേഖല കമ്പനിയെ ഒഴിവാക്കിയാണ് സ്വകാര്യ കമ്പനിയായ അനിൽ അംബാനിയിക്ക് പദ്ധതി കേന്ദ്ര സർക്കാർ കൈമാറിയത്.ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ ദസാൾട്ട് ഏവിയേഷൻ അംബാനിയിൽ നിന്നും ഓഹരികൾ വാങ്ങി കമ്പനി സ്വന്തമാക്കാൻ ശ്രമിക്കുന്നതായി നേരത്തെ വാർത്തയുണ്ടായിരുന്നു. നിലവിൽ സ്ഥാപനത്തിൽ ഫ്രഞ്ച് കമ്പനിയ്ക്ക് 49% ഓഹരിയുണ്ടെങ്കിൽ, 51% ഓഹരി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനാണ്.
Read More : റോഡപകടങ്ങളിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്