തൃശൂർ: നാളെ പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ബുധനാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങളുടെ പാർക്കിങ്ങും കടന്നുപോകേണ്ട രീതികളിലുമെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനി, നായ്ക്കനാൽ പ്രദേശം എന്നിവിടങ്ങളിൽ നാളെ രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല.(Pulikali: Traffic control in Thrissur city from tomorrow morning)
നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. വൈകീട്ട് പുലികളി അവസാനിക്കുന്നതുവരെ റൗണ്ടിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു.
ഗതാഗത ക്രമീകരണം ഇങ്ങനെ
മണ്ണുത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്‍ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന്, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജങ്‌ഷൻ വഴി സർവീസ് നടത്തണം.
മണ്ണുത്തി ഭാഗത്ത് നിന്നും വന്ന് വടക്കേ സ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ കിഴക്കേകോട്ട, പെൻഷൻമൂല, അശ്വിനി ജങ്‌ഷൻ വഴി വടക്കേസ്റ്റാൻഡിലെത്തി തിരികെ സ്റ്റേഡിയം ജങ്‌ഷൻ വഴി സർവീസ് നടത്തണം.
പുത്തൂർ, വലക്കാവ് തുടങ്ങി ഭാഗത്ത് നിന്നുള്ള ബസുകൾ ഐടിസി ജങ്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ് വഴി സർവീസ് നടത്തണം.
മുക്കാട്ടുകര, നെല്ലങ്കര ഭാഗത്ത് നിന്നുള്ള ബസുകൾ ബിഷപ്‌പാലസ്, പെൻഷൻമൂല, അശ്വിനി ജങ്‌ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവീസ് നടത്തണം.
വടക്കാഞ്ചേരി, മെഡിക്കൽകോളേജ് എന്നീ ഭാഗത്ത് നിന്നുള്ള ബസുകൾ അശ്വിനി ജങ്‌ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ പോകണം. ചേറൂർ ഭാഗത്തുനിന്നുള്ള ബസുകൾ ബാലഭവൻവഴി വടക്കേസ്റ്റാൻഡിൽ എത്തി തിരികെ സർവീസ് നടത്തണം. കുന്നംകുളം, ഗുരുവായൂർ, അടാട്ട് തുടങ്ങി പൂങ്കുന്നംവഴി വരുന്ന ബസുകൾ പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിക്കണം. പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ അയ്യന്തോൾ, ലുലു ജങ്‌ഷൻ വഴി തിരികെ സർവീസ് നടത്തണം.
വാടാനപ്പിള്ളി, കാഞ്ഞാണി, വരുന്ന ബസുകൾ പടിഞ്ഞാറേ കോട്ടയിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.
കൊടുങ്ങല്ലൂർ, തൃപ്രയാർ ചേർപ്പ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ ബാല്യ ജങ്‌ഷൻ വഴി ശക്തൻതമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിക്കണം. കണ്ണം കുളങ്ങര വഴി തിരികെ പോകണം. ഒല്ലൂർ, ആമ്പല്ലൂർ ഭാഗത്ത് നിന്നു വരുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.