കൊച്ചി: കുന്നത്തുനാട്ടിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ. മതിലിനോട് ചേര്‍ന്ന് ഷീറ്റുകൊണ്ട് മറച്ച ഭാഗം തകര്‍ത്ത് നാട്ടുകാർ അകത്തുകയറുകയായിരുന്നു. പിന്നീട് പൊലീസെത്തി പരിശോധന നടത്തി.
ഒരു മാസം മുമ്പാണ് പത്തനംതിട്ട സ്വദേശികളായ യുവതിയും സ്ത്രീയും വീട് വാടയ്ക്ക് എടുത്തത്.
ഇന്ന് ഉച്ചയോടെയാണ് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.
തെരുവില്‍ നിന്ന് നായ്ക്കളെ കൊണ്ടുവന്ന് ജനവാസ മേഖലയിലെ വാടക വീട്ടില്‍ കൂട്ടമായി പാര്‍പ്പിച്ചെന്നാണ് പരാതി. ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചതെന്ന് പിവി ശ്രീനിജന്‍ എംഎൽഎ മാധ്യമങ്ങളോട്പറഞ്ഞു.
വീട് വാടകയ്ക്ക് എടുത്ത് 42ഓളം തെരുവുനായ്ക്കളെ കൂട്ടത്തോടെ വീട്ടിൽ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അസഹനീയമായ ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുസ്സഹമായെന്നും ഇതേതുടര്‍ന്നാണ് പ്രതിഷേധിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഒരു മാസം മുമ്പാണ് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ച് ഇവർ വീട് വാടകയ്ക്ക് എടുത്തത്. രണ്ടു വളര്‍ത്തുനായ്ക്കളെ താമസിപ്പിക്കുമെന്ന് പറഞ്ഞാണ് വാടക കരാർ എഴുതിയത്.
എന്നാൽ, ഇവര്‍ അവിടെ താമസിക്കാതെ തെരുവുനായ്ക്കളുടെ സങ്കേതമായി വീട് മാറ്റുകയായിരുന്നുവെന്ന് പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു.
യാതൊരു മാനദണ്ഡവും പാലിക്കാതെ ജനവാസ മേഖലയുടെ മധ്യത്തിലാണ് തെരുവുനായ്ക്കളെ പാര്‍പ്പിച്ചിരുന്നത്. മൃഗസ്നേഹികളാണ് തങ്ങളെന്നും നാട്ടുകാര്‍ക്കൊന്നും നായ്ക്കളോട് സ്നേഹമില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.
വളരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് യുവതിയും സ്ത്രീയും പ്രതികരിച്ചതെന്നും പിവി ശ്രീനിജൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യവകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചശേഷമാണ് നാട്ടുകാര്‍ ഇവിടെ എത്തിയത്. ഗേറ്റ് തുറക്കാൻ പറഞ്ഞിട്ടും തുറക്കാത്തതിനാലാണ് മതിൽ കടന്ന് അകത്ത് കയറിയത്.
ഒഴിഞ്ഞുപോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു.
വീട്ടിന്‍റെ മുറ്റത്ത് നിറയെ പട്ടികളുടെ വിസര്‍ജ്യമാണെന്നും തീര്‍ത്തും അസഹനീയമായ സാഹചര്യമാണെന്നും യുവതിയും സ്ത്രീയും അവിടെ താമസിക്കുന്നില്ലെന്നും പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു.
കോലഞ്ചേരിയിലെ എബിസി സെന്‍ററിലേക്ക് നായ്ക്കളെ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അതിന് അവർ തയ്യാറായിട്ടില്ല. 20000ത്തോളം രൂപ വാടക നൽകിയാണ് അവര്‍ വീട് വാടകയ്ക്ക് എടുത്തിട്ടുള്ളത്.