മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15 ന് റിലീസ് ചെയ്ത ചിത്രം മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. ആറ് ദിവസം കൊണ്ട് 15 കോടിയാണ് ഭ്രമയുഗം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. 34 കോടിയാണ് ആഗോള കളക്ഷൻ. ഇപ്പോൾ വലിയ ചർച്ചയാക്കുന്നത് ഭ്രമയുഗത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് .
30 കോടി രൂപക്ക് സോണി ലിവ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കി എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ എത്തിയിരിക്കുകയാണ്. ‘പ്രചരിക്കുന്ന എല്ലാം ശരിയല്ല. ചിത്രം ആസ്വദിക്കുക. അതിലെ താരങ്ങളുടെ കഴിവിനെ അഭിനന്ദിക്കൂ’ എന്ന് നിർമാതാവ് എക്സിൽ കുറിച്ചു. അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
Read Also : ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിനെതിരെ ഫെഫ്ക ; നിലപാട് പുന: പരിശോധിക്കണം