മാറ്റിവെച്ച ഓണപരീക്ഷയുടെ ചോദ്യ പേപ്പർ സ്വയം പ്രിന്റ് ചെയ്യണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: മഴ അവധിയെ തുടർന്ന് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാറ്റിവെച്ച ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ സ്‌കൂളുകള്‍ സ്വയം പ്രിന്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്.
ഇത് സംബന്ധിച്ച് വകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ചോദ്യ പേപ്പറിന്റെ സോഫ്റ്റ് കോപ്പി സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കും.
എന്നാൽ സ്‌കൂളുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനമാണിതെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ നേരത്തെ വിശദമായി മാര്‍ഗനിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ നിര്‍ദ്ദേശമെന്നാണ് പ്രധാന പരാതി.
പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യപേപ്പര്‍ അടങ്ങിയ പാക്കറ്റുകള്‍ തുറക്കാവൂ എന്നതായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന നിര്‍ദേശം. പരീക്ഷ തുടങ്ങുന്നതിന് മുന്‍പായി ചോദ്യ പേപ്പര്‍ പാക്കറ്റില്‍ പ്രഥമ അധ്യാപകര്‍, പരീക്ഷാച്ചുമതലയുള്ള അധ്യാപകർ, രണ്ട് കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും രേഖപ്പെടുത്തും.
പാക്കറ്റില്‍ അത് പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തും. കൂടാതെ ചോദ്യ പേപ്പര്‍ അധ്യാപകന്‍ വാങ്ങുമ്പോള്‍ തീയതിയും അധ്യാപകന്റെ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
ചോദ്യ പേപ്പര്‍ കൈകാര്യം ചെയ്യാന്‍ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷ സെല്ല് പ്രവര്‍ത്തിക്കണം എന്നിങ്ങനെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ നൽകിയിരുന്നത്.
Summary: Due to rain holidays, postponed Onam exams in Thrissur and Palakkad will require schools to print their own question papers, as instructed verbally by the Education Department.









