പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയതായി ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജില്ലാ കലക്ടർ രാവിലെ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി.
പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്വേഷണ റിപ്പോർട്ട് തള്ളുന്ന രീതിയിലാണ് ഫോർട്ടുകൊച്ചി സബ് കലക്ടർ കെ മീരയുടെ റിപ്പോർട്ട്. മത്സ്യക്കുരുതി സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും കുഫോസിൻ്റെയും വൈരുദ്ധ്യമുള്ള കണ്ടെത്തലുകളിൽ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
പെരിയാറിൽ അമോണിയയും ഹൈഡ്രജൻ സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിൻ്റെ ആന്തരിക ക്ഷതം മത്സ്യങ്ങൾക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പെരിയാറിലെ രാസമാലിന്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന നിർദേശം സബ് കലക്ടറുടെ റിപ്പോർട്ടിൽ വന്നിരിക്കുന്നത്. സംഭവ സ്ഥലം സന്ദർശിച്ച് മത്സ്യ കർഷകരേയും നാട്ടുകാരേയും പരിസ്ഥിതി പ്രവർത്തകരെയും നേരിൽ കണ്ടാണ് സബ് കലക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം വെള്ളത്തിലെ ഓക്സിജൻ്റെ അളവ് കുറഞ്ഞതാണ് മത്സ്യക്കുരുതിക്ക് കാരണം എന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ടെത്തൽ. ഇതിൽ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പെരിയാറിലേക്ക് തള്ളുന്ന രാസമാലിന്യത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. എന്നാൽ ഇതിനെ തള്ളുകയാണ് കുഫോസ് പഠന സമിതിയുടെ റിപ്പോർട്ട്.
Read More: ചരിത്രം രചിച്ച് കേരളം; 80 കുട്ടികൾക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നൽകി
Read More: ‘താൻ എഡിഎച്ച്ഡി ബാധിതൻ: കണ്ടെത്തിയത് നാല്പത്തൊന്നാം വയസ്സിൽ’ : ഫഹദ് ഫാസിൽ