താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം
വയനാട്: താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ഓണത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ചുരത്തിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റിൽ കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം അനുഭവപ്പെട്ടിരുന്നു.
തുടര്‍ന്ന് ചുരം വഴി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ നിയന്ത്രണത്തോടെയാണ് ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
അതേസമയം ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ നിര്‍ദേശം നൽകിയിട്ടുണ്ട്.
കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. ഓച്ചിറ വലിയകുളങ്ങരയിലാണ് അപകടമുണ്ടായത്. ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചേര്‍ത്തലയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്.
തേവലക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഇടിയുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഞെട്ടി എഴുന്നേറ്റത്. പിന്നാലെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് നിസാര പരിക്കേറ്റതായുമാണ് ലഭിക്കുന്ന വിവരം.
ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം
റായ്പുര്‍: ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനിടെ ആളുകൾക്കിടയിലേക്ക് എസ്‌യുവി കാർ പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. ചത്തീസ്ഗഢിലാണ് ദാരുണ സംഭവം നടന്നത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരിന്നുവെന്ന് പോലീസ് അറിയിച്ചു.
ചത്തീസ്ഗഢിലെ ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 40-കാരനായ സുഖ്‌സാഗര്‍ വൈഷ്ണവ് ആണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ വാഹനവും പോലീസ് പിടിച്ചെടുത്തു.
ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്.
ഗണേശോത്സവത്തോടനുബന്ധിച്ചുള്ള അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Summary: Police impose 3-day traffic restrictions at Thamarassery Ghat in view of Onam rush. Parking on the ghat road and crowding at viewpoints have been strictly prohibited.