കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ എറണാകുളം റീജിയണൽ ഓഫീസിലെ ജീവനക്കാരനെ മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഡിജിഎം നിതീഷ് കുമാർ സിൻഹ, എജിഎം കശ്മീർ സിങ് എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജിയണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇവർ. ദളിത് വിഭാഗക്കാരനായ ബാങ്ക് ജീവനക്കാരനെ വർഷങ്ങളായി ഇവർ അധിക്ഷേപിക്കുകയാണെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഡിസംബറിലാണ് മേലുദ്യോഗസ്ഥർക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരനെതിരെ ആഭ്യന്തര നടപടികൾ എടുത്തതോടെയാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവന്നത്.
ഇതോടെ പരസ്യപ്രതിഷേധവുമായി ബാങ്കിങ് സംഘടനകൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ പരാതിക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് പൊലീസ് കേസെടുത്തതിന് പിന്നാലെ ജനുവരിയിൽ ഇവരെ തിരിച്ചെടുത്തു.
രണ്ട് മേലുദ്യോഗസ്ഥർ കീഴ് ജീവനക്കാരെ ജാതീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ പീഡനം ആരംഭിച്ചെന്നാണ് പരാതി.
വീട്ടിലേക്കുള്ള മരുന്ന് വാങ്ങുക, വീട്ടിലെ മറ്റു അംഗങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുക, ബാങ്കിൻറെ പരിസരത്തുള്ള ചെടികളിൽ വെള്ളമൊഴിക്കുക തുടങ്ങിയ ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഇയാളെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.
ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ജാതീയമായി അധിക്ഷേപിച്ചതും മർദിച്ചതെന്നുമാണ് പരാതി. ആഭ്യന്തര അന്വേഷണത്തിലൂടെ ഇൻക്രിമെൻറ് കട്ട് ചെയ്യാനും ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്യാനും തീരുമാനിച്ചതോടെ ബാങ്കിങ് ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയരുകയും വിവരം പുറത്തുവരുകയും ചെയ്യുന്നത്. ജീവനക്കാരൻറെ ഭാര്യയും ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.