ബത്തേരി: റീല്‍സെടുക്കുന്നതിനിടെ കാരാപ്പുഴ ഡാമിന്റെ റിസര്‍വോയറിലേക്ക് ജീപ്പ് വീണ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹില്‍, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ഇവർ ഉപയോഗിച്ച ജീപ്പ് അമ്പലവയല്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ട്രാക്ടര്‍ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി അപകടമുണ്ടായ നെല്ലറച്ചാല്‍ വ്യൂപോയിന്റില്‍ തന്നെയാണ് ഇന്നലെ ജീപ്പ് മറിഞ്ഞത്.
റീല്‍സെടുക്കുന്നതിനായി ഡാമിന് അടുത്തേക്കെത്തിയ യുവാക്കള്‍ വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ ഡാമിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തില്‍ കുടിവെള്ള സ്രോതസ്സ് ആയ ജലാശയം മലിനമാക്കിയത് ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള സ്ഥലത്തേക്കാണ് യുവാക്കള്‍ റീല്‍സെടുക്കാനായി ജീപ്പ് ഓടിച്ച് എത്തിയത്. ജീപ്പ് മുങ്ങിപ്പോകാന്‍ പാകത്തില്‍ വെള്ളം ഉള്ള സ്ഥലത്തേക്കാണ് വാഹനം മറിഞ്ഞത്.
വാഹനത്തിന്റെ ആര്‍ സി ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കാനും ആണ് പോലീസിന്റെ തീരുമാനം.
Summary: Police have filed a case against five individuals after a jeep fell into the Karapuzha Dam reservoir while attempting to shoot social media reels.