കാസര്‍കോട്: ഉപ്പളയിൽ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം പൊലീസ് കർണാടകയിലേക്കും വ്യാപിപ്പിച്ചു. മോഷണം ആസൂത്രിതമാണെന്നും പിന്നിൽ ഒരാളല്ല, സംഘമാണെന്നുമാണ് പോലീസ് നിഗമനം. അതേസമയം, പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചയും സംഭവത്തിലെ ദുരൂഹതകളും ഏറെ ചര്‍ച്ചയാകുകയാണ്.
ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന് കവര്‍ന്നത്. വാഹനം നിര്‍ത്തിയശേഷം സമീപത്തെ എടിഎമ്മില്‍ സ്വകാര്യ കമ്പനി ജീവനക്കാരൻ പണം നിറയ്ക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണം മോഷ്ടിക്കുകയായിരുന്നു.
വാഹനത്തിന്‍റെ സീറ്റിലായിരുന്നു പണമടങ്ങിയ ബോക്സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്‍റെ ഡ്രൈവറും മാത്രമായിരുന്നു ആകെ വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോള്‍ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.