പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ ക്രൂരമർദനം. പാലക്കാട് നെന്മാറയില്‍ 17കാരനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചത്. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി നെന്മാറയില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.(Police brutality again in Palakkad: Student was called and beaten up; A 17-year-old is under treatment)
പോലീസ് വാഹനത്തിന്റെ അരികിലേക്ക് വിളിച്ചുവരുത്തിയ ഉടന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. തലയിലും കഴുത്തിലും പോലീസ് ഉദ്യോഗസ്ഥന്‍ മാരകമായി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. മകനെ മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും സാധനം വാങ്ങാന്‍ കടയില്‍ പോയതാണെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. തല ജീപ്പില്‍ ഇടിപ്പിച്ചെന്നും മുഖം വീങ്ങിയിരിക്കുകയാണെന്നും പിതാവ് പ്രതികരിച്ചു.
രാജേഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അറിയാതെ സംഭവിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് മറ്റാരെയോ തേടി വന്നതാണ്,’ പിതാവ് വ്യക്തമാക്കി. പാലക്കാട് ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. എസ്സിപിഒ ജോയ് തോമസിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.