നാടക രചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ കെ.സി. ജോർജ്ജ് (50) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 10.30 ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. Playwright and state award winner K.C. George passed away
മൗലികവും കാലികവുമായ രചന വൈഭവത്തിലൂടെ നാടകഭൂപടത്തിൽ സ്വന്തം ഇടംകണ്ടെത്തിയ ഇടുക്കിയുടെ സ്വന്തം രചയിതാവാണ് കെ.സി എന്ന കെ.സി. ജോർജ്. സ്കൂൾ പഠനകാലത്ത് നടനായാണ് അരങ്ങേറ്റം. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ഹൈസ എന്ന അമച്വർ നാടകസമിതിക്ക് രൂപംനൽകി.
അന്തരിച്ച നാടകനടൻ എം.സി കട്ടപ്പനയാണ് ആദ്യപാഠങ്ങൾ പകർന്നുനൽകിയത്. ഹൈസക്കു ശേഷം നിസ്തുല, കാൽവരി മൗണ്ട് താബോർ തിയറ്റേഴ്സ്, സ്വരാജ് സയൺ കമ്യൂണിക്കേഷൻസ് തുടങ്ങിയ നാടക സമിതികൾക്കായി നാടകമെഴുതി.
2005ൽ ഓച്ചിറ സരിഗയുടെ ‘അതിരുകളില്ലാത്ത ആകാശം’ നാടകത്തിലൂടെയാണ് പ്രഫഷനൽ രംഗത്തെത്തുന്നത്. സ്കൂൾ-കോളജ് പ്രാദേശിക സമിതികൾക്കുവേണ്ടി നാൽപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു.