സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി
പേരാവൂർ: കണ്ണൂർ പേരാവൂരിൽ സിപിഎം സമരത്തിൽ പങ്കെടുത്തില്ലെന്ന കാരണത്താൽ ഒരു ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി.
മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിൽ താമസിക്കുന്ന ലക്ഷ്മിയെയാണ് തൊഴിലുറപ്പ് ജോലിക്കെത്തിയപ്പോൾ തിരിച്ചയച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
വ്യാഴാഴ്ച കണ്ണൂർ നഗരത്തിൽ നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖത്തെ തുടർന്ന് മൂന്നു ദിവസമായി ജോലിക്കും എത്തിയിരുന്നില്ലെന്നും പറയുന്നു.
തുടർന്ന് ജോലിക്കായി എത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾ മാത്രം ജോലിക്ക് എത്തിയാൽ മതിയെന്ന നിലപാട് ഒരു വിഭാഗം തൊഴിലാളികൾ അറിയിച്ചതെന്ന് ലക്ഷ്മി പറഞ്ഞു.
ഇത് തൊഴിലാളികൾ എല്ലാവരും ചേർന്ന് എടുത്ത തീരുമാനമാണെന്നാണ് തൊഴിലുറപ്പ് മേറ്റ് വിശദീകരിച്ചത്.
എന്നാൽ സംഭവം വിവാദമായതോടെ, ബാക്കിയുള്ളത് 42 പേർക്കുള്ള തൊഴിൽദിനം മാത്രമാണെന്നും, അതിനാലാണ് ചിലരെ താൽക്കാലികമായി മാറ്റിനിർത്തിയതെന്നുമാണ് മേറ്റിന്റെ വിശദീകരണം.
നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പേരാവൂർ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്.
English Summary
An Adivasi woman in Peravoor, Kannur, alleged that she was denied employment under the rural employment guarantee scheme for not participating in a CPM protest. The incident sparked political controversy, with BJP staging a protest march, while officials cited limited remaining workdays as the reason.
peravoor-adivasi-woman-denied-job-for-not-joining-cpm-protest
Peravoor, Kannur, Adivasi woman, Employment Guarantee Scheme, CPM protest, political controversy, BJP march, Kerala news









