ന്യൂസ് ഡസ്ക്ക് : മാസങ്ങളുടെ ഇടവേളകളിലാണ് കേരളത്തിൽ ക്ഷേമ പെൻഷനുകൾ നൽകുന്നത്. മൂന്ന് മുതൽ ആറ് മാസം വരെ ഇടവേള ഉണ്ടാകാറുണ്ട്. ഇതിനിടയിൽ മരണപ്പെട്ട് പോകുന്നവർ, മറ്റേന്തെങ്കിലും കാരണത്താൽ പെൻഷന് അർഹതയല്ലാത്തവർ തുടങ്ങിയവരെ ഒഴിവാക്കി പുതുക്കിയ ലിസ്റ്റ് പുറത്തിറക്കും. പക്ഷെ ഇതാദ്യമായി ആറ് ലക്ഷം പേരെ അർഹരുടെ ലിസ്റ്റിൽ നിന്നും ഒറ്റയടിക്ക് ഒഴിവാക്കി ധനവകുപ്പ്. ഇത് മൂലം ലാഭിച്ചത് 90 കോടി രൂപ. 2023 ജൂലൈ മാസത്തെ പെൻഷൻ നവംബർ 19 മുതൽ നൽകുന്നു. ഇതിനായി ധനവകുപ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം 44,97,794 പേര്‍ മാത്രമാണ് പെൻഷന് അർഹർ.
ഇതിന് തൊട്ട് മുമ്പുള്ള ജൂൺ മാസം 50,90,390 പേരായിരുന്നു പെൻഷൻകാർ. മെയ് മാസത്തിൽ 50,67,633 പേർക്ക് പെൻഷൻ നൽകി. അതായത് ജൂൺ മാസത്തിൽ നിന്നും ജൂലൈയിലെത്തുമ്പോൾ ആറ് ലക്ഷം പെൻഷൻകാരുടെ കുറവ്. ഇത്രയേറെ പേരെ ഒരു മാസത്തിനിടയില്‍ ഒഴിവാക്കിയതിന് കാരണം ധനവകുപ്പ് വിശദീകരിക്കുന്നില്ല. വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാന സർക്കാരിന് 90 കോടി രൂപ ലാഭം ആറ് ലക്ഷം പേരെ ഒഴിവാക്കിയതിലൂടെ ലഭിച്ചു.
667,15,45,600 രൂപയാണ് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷനായി ഖജനാവിൽ നിന്നും നൽകുന്നത്. മേയ് മാസം 757.03 കോടിയും ജൂണില്‍ 760.56 കോടിയും നൽകേണ്ടി വന്ന പിണറായി സർക്കാരിന് ജൂലൈ മാസം മാറ്റി വയ്ക്കേണ്ടി വന്ന തുക വെറും 667.15 കോടി മാത്രം.
ഇടുക്കിയിൽ 80 വയസ് കഴിഞ്ഞ മറിയകുട്ടിയും അന്നയും പിച്ച ചട്ടിയുമായി തെരുവിലിറങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് മാസങ്ങളായി നൽകാത്ത് സാമൂഹിക സുരക്ഷ പെൻഷൻ സർക്കാരിന് അനുവദിക്കേണ്ടി വന്നത്. ഭരണകക്ഷിയായ സിപിഐഎംന്റെ മുഖപത്രമായ ദേശാഭിമാനിയിൽ വയോധികരിലൊരാൾക്കെതിരെ വന്ന അപകീർത്തി വാർത്തയും ജനരോഷത്തിന് ഇടയാക്കി. പത്രം മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതിയിൽ കേസിന് പോകാനാണ് വയോധികയുടെ തീരുമാനം.
60 വയസ് കഴിഞ്ഞവര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നത്. ഓരോ മാസവും സംസ്ഥാനത്ത് സംഭവിക്കുന്ന മരണനിരക്ക് പരിശോധിച്ച് ക്ഷേമ പെൻഷനിൽ നിന്നും ഒഴിവാക്കും. തത്തുല്യമായ രീതിയിൽ നിരവധി പേർ പെൻഷൻ അപേക്ഷ നൽകുകയും ചെയ്യാറുണ്ട്. മസ്റ്ററിങ്ങ് നടത്തി അനർഹരെ ഒഴിവാക്കിയും അർഹരെ കണ്ടെത്തിയുമാണ് സാമൂഹിക പെൻഷൻ ലിസ്റ്റ് ധനവകുപ്പ് ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ ആറ് ലക്ഷം പേർ ഒരു മാസത്തിനിടയിൽ കുറയില്ലെന്ന് മുൻ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.