മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്
വെല്ലിംഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച് ന്യൂസിലാൻഡ് സർക്കാർ.
ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെയോ സ്ഥിരതാമസക്കാരുടെയോ മാതാപിതാക്കൾക്ക് ഇനി സ്ഥിര താമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ രാജ്യത്ത് തുടരാം.
പാരന്റ് ബൂസ്റ്റ് വിസയ്ക്കായി 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിക്കും എന്നാണ് അറിയിപ്പ്.
അടുത്തിടെയാണ് ന്യൂസിലാൻഡ് സർക്കാർ ദീർഘകാല സന്ദർശക വിസയായ പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചത്.
ഈ വിസ ഉപയോഗിച്ച്, മാതാപിതാക്കൾക്ക് തുടക്കത്തിൽ തന്നെ 5 വർഷം വരെ ന്യൂസിലാൻഡിൽ താമസിക്കാൻ കഴിയും.
അതിനുശേഷം 5 വർഷത്തേയ്ക്ക് വിസ നീട്ടുന്നതിന് വീണ്ടും അപേക്ഷ നൽകാം. ഇതോടെ ആകെ 10 വർഷം വരെ മാതാപിതാക്കൾക്ക് രാജ്യത്ത് താമസിക്കാൻ അനുവാദം ലഭിക്കും.
ഇതുവരെ സ്റ്റാൻഡേർഡ് പാരന്റ്, ഗ്രാൻഡ്പാരന്റ് സന്ദര്‍ശക വിസയിൽ മൂന്ന് വർഷത്തിൽ 18 മാസം മാത്രമേ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
പുതിയ പാരന്റ് ബൂസ്റ്റ് വിസ ന്യൂസിലാൻഡിൽ താമസിക്കാൻ 10 വർഷം വരെ അനുവാദം നൽകുന്നുണ്ട് എന്നതാണ് വലിയ സവിശേഷത.
ഈ വിസ സ്ഥിരതാമസത്തിനുള്ളതല്ല
ഇത് പ്രായമായ മാതാപിതാക്കൾക്ക് ദീർഘകാലം മക്കളോടൊപ്പം കഴിയാനുള്ള പ്രത്യേക അവസരമാണ് നൽകുന്നത്. എന്നാൽ, ഈ വിസ സ്ഥിരതാമസത്തിനുള്ളതല്ലെന്ന കാര്യവും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.
ന്യൂസിലാൻഡ് പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ മാതാപിതാക്കൾക്കായി മാത്രം തയ്യാറാക്കിയിരിക്കുന്നതാണ് പാരന്റ് ബൂസ്റ്റ് വിസ.
ദത്തെടുത്ത കുട്ടികൾ സ്പോൺസർമാരാണെങ്കിലും പാരന്റ് ബൂസ്റ്റ് വിസയുടെ ആനുകൂല്യം ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
മറ്റ് പാരന്റ് വിസകളിൽ ന്യൂസിലാൻഡിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പാരന്റ് ബൂസ്റ്റ് വിസയിലേക്ക് മാറാനും ഇപ്പോൾ അവസരമുണ്ട്. എന്നാൽ, അപേക്ഷകർക്ക് ഒരു സമയം ഒരു പാരന്റ് വിസ മാത്രമേ കൈവശം വെയ്ക്കാൻ സാധിക്കൂ.
സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ അറിയിച്ചു.
ഓരോ വർഷവും 2,000 മുതൽ 10,000 വരെ അപേക്ഷകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ പരിധി ഏർപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2027ൽ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം വിസ അവലോകനം നടത്തുമെന്നും ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു.
2023 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ന്യൂസിലൻഡ് നാഷണൽ പാർട്ടി പാരന്റ് ബൂസ്റ്റ് വിസ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍
അയര്‍ലണ്ടില്‍ അവിവാഹിതരായ അമ്മമാര്‍ക്കായി ബോണ്‍ സെകോഴ്സ് സന്യാസിനി സമൂഹം നടത്തിവന്ന അഭയകേന്ദ്രത്തിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത് 800ലധികം നവജാത കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍.
കുഞ്ഞുങ്ങളെ ജനിച്ച ഉടൻ തന്നെ ഇത്തരത്തില്‍ കുഴിയിലേക്ക് ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ചരിത്രകാരിയായ കാതറിന്‍ കോര്‍ലെസ് സ്‌കൈ ന്യൂസിനോട് വെളിപ്പെടുത്തി.
അയര്‍ലെണ്ടിലെ തൗ വാം എന്ന പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് കുഞ്ഞുങ്ങളുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ 78 കുഞ്ഞുങ്ങളുടെ ശരീര അവശിഷ്ടങ്ങളാണ് ഇവിടെ നിന്നും കുഴിച്ചെടുത്തത്.
1925ല്‍ അവിവാഹിത അമ്മമാര്‍ക്കായി കത്തോലിക്ക സഭ തുടങ്ങിയ ആശ്രയ കേന്ദ്രം 1961 ലാണ് നിര്‍ത്തലാക്കിയത്.
ഇക്കാലയളവിലായി കേവലം രണ്ട് കുഞ്ഞുങ്ങളെ മാത്രമാണ് തൊട്ടടുത്തുള്ള പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തത്.
തൊട്ടടുത്തുണ്ടായിരുന്ന ബോണ്‍ സെകോഴ്സ് മദര്‍ ആന്റ് ബേബി എന്ന സ്ഥാപനത്തില്‍ നിന്ന് 796 ശിശുക്കളുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്ന് ചരിത്രകാരി കാതറിന്‍ പറയുന്നു.
ഈ സ്ഥാപനം 1971ല്‍ അടച്ചു പൂട്ടുകയും പിന്നീട് ഇവിടെ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുകയും ചെയ്തു.
ഇതും അവിവാഹിതരായ അമ്മമാര്‍ക്കു വേണ്ടി കത്തോലിക്ക സഭയില്‍പ്പെട്ട കന്യാസ്ത്രീ സമൂഹം നടത്തിവന്നതായിരുന്നു.
അന്നൊക്കെ അവിവാഹിതരും ഗര്‍ഭിണികളുമായ സ്ത്രീകളെ ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കുകയായിരുന്നു പതിവ്.
പ്രസവത്തിന് ശേഷം ഒരു വര്‍ഷത്തോളം ഈ കേന്ദ്രത്തില്‍ വേതന രഹിത പണികള്‍ ചെയ്യിപ്പിക്കാറുണ്ടായിരുന്നു.
ഒരു വര്‍ഷത്തിനു ശേഷം കുഞ്ഞുങ്ങളെ അമ്മമാരില്‍ നിന്ന് അകറ്റും
പിന്നീട് ഒരു വര്‍ഷത്തിനു ശേഷം കുഞ്ഞുങ്ങളെ അമ്മമാരില്‍ നിന്ന് അകറ്റുകയും അവരുടെ സംരക്ഷണം കന്യാസ്ത്രീ മഠം ഏറ്റെടുക്കുകയും ചെയ്യും.
അതേ സമയം അമ്മയുടെ അനുമതി ഇല്ലാതെ കുട്ടികളെ നിയമവിരുദ്ധമായി ആവശ്യക്കാര്‍ക്ക് ദത്ത് കൊടുത്തിരുന്നു എന്നും വിവരമുണ്ട്.
2014ല്‍ ഇത്തരത്തിൽ കന്യാസ്ത്രി മഠത്തില്‍ നടന്ന നിയമവിരുദ്ധ ഇടപാടുകളെ പറ്റി വിവരമറിഞ്ഞ ചരിത്രകാരിയായ കാതറിന്‍ കോര്‍ലെസ് നടത്തിയ പരിശ്രമങ്ങളാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു കൊണ്ടുവന്നത്.
പാർലമെൻ്റ് തലത്തിൽ കാതറിന്റെ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് ഐറീഷ് പാര്‍ലമെന്റ് അഭയ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്ത പ്രദേശങ്ങളില്‍ ഖനാനുമതി നല്‍കിയത്.
ഈയാഴ്ചയിൽ ബോണ്‍ സെകോഴ്സ് കേന്ദ്രം സ്ഥിതി ചെയ്ത സ്ഥലത്ത് ഖനനം തുടങ്ങാന്‍ ഒരുങ്ങുകയാണ്.
കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം പുറത്തു വന്നതോടെ കത്തോലിക്ക സഭക്കെതിരെ അയര്‍ലണ്ടില്‍ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച്; ഇപ്പോൾ ഇല്ലെന്ന് മോദി; കാനഡയിൽ നിന്ന് നേരെ ക്രൊയേഷ്യയിലേക്ക്
ന്യൂഡൽഹി: അമേരിക്ക സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയ നരേന്ദ്ര മോദിയോട് അവിടുത്തെ സന്ദർശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്.
രണ്ടുപേരും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു.
ഈ ഫോൺ കോളിലായിരുന്നു യുഎസ് സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
എന്നാൽ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിച്ചു.
എന്നാൽ കാനഡയിൽനിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ക്ഷണം അദ്ദേഹം നിരസിച്ചത്.
സമീപഭാവിയിൽത്തന്നെ കൂടിക്കാഴ്ച നടത്താമെന്ന് ഇരു നേതാക്കന്മാരും സമ്മതിച്ചിട്ടുണ്ട്.
അതിനിടെ, ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തിൽ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു.
എന്നാൽ ക്ഷണം സ്വീകരിച്ച ട്രംപ് ഇന്ത്യയിലെത്താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നു പറഞ്ഞെന്നും മിസ്രി കൂട്ടിച്ചേർത്തു.
ടെലിഫോൺ സംഭാഷണത്തിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു പറഞ്ഞ മോദി, വെടിനിർത്തലിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും ട്രംപിനെ അറിയിച്ചിട്ടുണ്ട്.
തീവ്രവാദത്തോടു സന്ധിയില്ലെന്നും പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും മോദി ട്രംപിനോടു പറഞ്ഞു.
ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിനു പിന്നാലെയും രണ്ടുനേതാക്കളും സംസാരിച്ചിരുന്നു.
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ട്രംപ് അന്ന് നൽകിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇരുനേതാക്കൾ തമ്മിൽ സംസാരിക്കുന്നത്.
മസ്കിന് അന്ത്യശാസനവുമായി ട്രംപ്; ‘ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’
ബജറ്റ് ബില്ലിന് എതിർത്ത് വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന്
ശതകോടീശ്വരൻ ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സർക്കാറിന്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന, കോസ്റ്റ് ബിൽ പിന്തുണയ്ക്കുന്ന, റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന
ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് മസ്ക് സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
മസ്കിന്റെ സ്ഥാപനങ്ങൾക്ക് അമേരിക്കൻ സർക്കാർ നൽകുന്ന സബ്സിഡി റദ്ദാക്കുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.
ട്രംപ് വൺ ബിഗ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് വിമർശിക്കുകയും വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിളിക്കുകയും ചെയ്തതിനു പിന്നാലേയായിരുന്നു ഇത്.
ഈ ആഴ്ചയാണ് ഇരുവരും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ മസ്കുമായി കഴിഞ്ഞ ദിവസമാണ് ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാൾഡ് ട്രംപും സമ്മതിച്ചു.
‘ആ വട്ടനോട് സംസാരിക്കാൻ താൽപ്പര്യമില്ല’; അഭ്യൂഹം തള്ളി ട്രംപ്
വാഷിംഗ്ടൺ: ട്രംപ്- മസ്‌ക് വാക്പോര് കടുക്കുന്നതിനിടെ ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹം തള്ളി വൈറ്റ്ഹൗസ്.
ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഫോണിലൂടെ പരിഹാസ രൂപേണയായിരുന്നു ട്രംപിൻ്റെ മറുപടിയെന്നു എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
‘നിങ്ങൾ ഉദ്ദേശിക്കുന്നത് ആ വട്ട് പിടിച്ച ആളെയാണോ?’ എന്ന് പ്രസിഡന്റ് ട്രംപ് ചോദിച്ചു എന്നാണ് റിപ്പോർട്ട്.
മസ്കിനോട് സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപ്പര്യമില്ലെന്ന് ട്രംപ് പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്‌ക് തന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നും എന്നാൽ മസ്‌കുമായി സംസാരിക്കാൻ താൻ തയ്യാറല്ലെന്നുമാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്.
മസ്കുമായി ബന്ധപ്പെട്ട പരസ്യമായ ഏറ്റുമുട്ടലിൽ സവിശേഷമായ ആശങ്കയില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമമായ എക്‌സിൽ മസ്‌ക് പ്രത്യേക അഭിപ്രായസർവേയ്ക്ക് തുടക്കം കുറിച്ചു.
റിപ്പബ്ലിക്കൻസും ഡെമോക്രറ്റുകളും അല്ലാത്ത, എൺപത് ശതമാനം വരുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സമയമായില്ലേ എന്ന ചോദ്യമാണ് സർവേയ്‌ക്കൊപ്പം ഇലോൺ മസ്‌ക് ഉന്നയിച്ചത്.
യു.എസ് പ്രസിഡൻ്റുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ മസ്‌ക് ട്രംപിനെതിരെ ഉന്നയിച്ചിരുന്നു.
യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് ഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടത്.
ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് പറഞ്ഞു.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതുകൊണ്ടാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് പറയുന്നു.സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിട്ടുണ്ട്.
‘വലിയ ബോംബ് ഇടേണ്ട സമയമായി, യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്.
ഫയൽ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ എന്നായിരുന്നു മസ്കിൻ്റെ എക്സ് പോസ്റ്റ്.
എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക എന്നുംസത്യം പുറത്തുവരും’ എന്നും മസ്ക് കുറിച്ചു.
English Summary:
Parents of Indian citizens or permanent residents living in New Zealand can now stay in the country for up to 10 years without applying for permanent residency. This new provision allows extended stay rights, easing immigration rules for family reunification.