കൊച്ചി: പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 12 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്നാണ് പരാതി. പരാതിക്കാരന്റെ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് നൽകാൻ തയ്യാറാകാതെ വന്നതോടെ പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചു. സംഭവത്തിലെ മറ്റു പ്രതികളായ ലോറൻസ്, സന്തോഷ് എന്നിവരെ പിടികൂടാനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ബോസ്‌കോയെ കളമശ്ശേരിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെ്ക്ടർ എം. സുജിത്ത്, സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പൊലീസ് ഓഫീസർ വൈശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പറവൂർ പീഡനക്കേസിൽ പൊലീസിനെ വിമർശിച്ച് വീഡിയോ ചെയ്തതിന് പ്രതികാരം വീട്ടുകയാണെന്നാണ് ബോസ്‌കോയുടെ ബന്ധുക്കൾ പറയുന്നത്. കൂടാതെ സർക്കാരിനെയും പൊലീസിനെയും പ്രമുഖ വ്യവസായികളെയും നിരന്തരം വിമർശിച്ച് വാർത്തകൾ ചെയ്യുന്നതിനാലുള്ള വിരോധവും ഉണ്ടെന്നും അവർ പറയുന്നു. ഇതിന്റെ ഭാഗമാണ് അറസ്റ്റെന്നും ബോസ്‌കോയുടെ സഹോദരൻ പറഞ്ഞു.
രണ്ടര മാസം നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബോസ്കോ കളമശേരിയെ അറസ്റ്റ് ചെയ്തത്. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചു. കൂട്ടാളികളായ അഞ്ചു പേരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.