പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കി. (Pantheerankavu case: Police suspects that woman left the state)
അതേസമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഒടുവിലായി ഓഫീസിൽ പോയത്. ഡൽഹിയിൽ എത്തിയ ശേഷം യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.
ഭർത്താവിനെ ന്യായീകരിച്ചും വീട്ടുകാരെ വീണ്ടും തള്ളിപ്പറഞ്ഞും യുവതി വീണ്ടും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് ആരുടെയും ഭീഷണി ഇല്ലെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് അമ്മയെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ പരാതി പറയാത്തത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സ്വന്തം യുട്യൂബ് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിൽ യുവതി പറഞ്ഞു.
രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദ്ദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളാക്കിയതെന്നും യുവതി പറഞ്ഞു.
മകളെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വീഡിയോയുമായി എത്തിയത്. പോലീസ് യുവതിയെ കണ്ടെത്താനായി അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സൈബര്‍ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തുന്നത്.
Read More: കുവൈത്ത് തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍, ഒമ്പത് പേരെ തിരിച്ചറിഞ്ഞു; വിവരങ്ങൾ പുറത്ത്
Read More: പഴയ ടീം തന്നെ; ഒരു മാറ്റവും ഇല്ല; യുഎസ്എയ്‌ക്കെതിരെ ടോസ് നേടി, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു