ന്യൂസ് ഡസ്ക്ക്: പാക്കിസ്ഥാനിലെ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്ന ലാഹോറിലെ ജോഹാർ ടൗണിലാണ് പ്രശസ്തമായ ദേരാ ചാഹൽ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനം നടത്തുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്ക് എല്ലാ സഹായവും നൽകി പാക്കിസ്ഥാൻ സംരക്ഷിക്കുന്ന സ്ഥലം കൂടിയാണ് ഇത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ഖാലിസ്ഥാൻ കമ്മാൻഡോ ഫോഴ്സ് തലവൻ പരംജിത് സിങ് പജവാറിന്റെ സ്വാധീന മേഖലയാണ് ഗുരുദ്വാരയ്ക്ക് ചുറ്റുമുള്ള സ്ഥലം.പക്ഷെ ഇക്കഴിഞ്ഞ മെയ് ആറാം തിയതി എല്ലാം തകിടം മറിഞ്ഞു. പതിവ് പോലെ മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള തർക്കം പറഞ്ഞ് തീർക്കാനുള്ള ഒരു മധ്യസ്ഥ യോഗം അന്നവിടെ നടക്കുന്നുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ എത്തുന്നതാകട്ടെ പരംജിത്ത് സിങ്ങ് പേജാവർ. ലഹരിമാഫിയ ദൈവമായി കാണുന്ന പരംജിത്ത് പുലർച്ചെ ആറ് മണിയ്ക്ക് അതീവ രഹസ്യമായി സ്ഥലത്ത് എത്തി. പക്ഷെ പരംജിത്തിനെ കാത്തിരുന്നത് വെടിയുണ്ടകളായിരുന്നു. തലങ്ങും വിലങ്ങും വെടികൊണ്ട് പരംജിത്ത് ചിന്നിചിതറി. ആരാണ് വെടിവച്ചതെന്ന് സംരക്ഷണം നൽകിയിരുന്ന മാഫിയ സംഘങ്ങൾക്ക് പോലും കണ്ടെത്താനായില്ല.
പാകിസ്ഥാൻ അഭയം പ്രാപിച്ച ഇന്ത്യാ വിരുദ്ധ ഭീകരരുടെ ദുരൂഹമായ കൊലപാതക പരമ്പരകളിൽ ഏറ്റവും അവസാനത്തേത് ആയിരുന്നു പരംജിത്തിന്റേത്. 2021 ജൂൺ 23ന് ലാഹോറിലെ ജോഹർ ടൗണിലുള്ള ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനും ജമാഅത്ത്-ഉദ്-ദവ തലവനുമായ ഹാഫിസ് സയീദിന്റെ വീടിന് പുറത്ത് കാർ ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽല സയിദിന്റെ ഉറ്റ തീവ്രവാദികളായ മൂന്ന് പേർ കൊല്ലപ്പെടുകയും 24 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദി ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. പക്ഷെ തെളിവുകളൊന്നും കണ്ടെത്താനായില്ല. അതിന്റെ പ്രതികാരമെന്നോണം നാല് ദിവസത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു വിമാനത്താവളത്തിന്റെ സാങ്കേതിക മേഖലയിൽ സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകൾ തകർന്നുവീണു. പാകിസ്ഥാൻ സൈന്യത്തിന്റെയും ലഷ്‌കർ ഇറ്റാലിയൻ സേനയുടെയും സംയുക്ത ആക്രമണമാണെന്ന് സൈന്യം ചൂണ്ടികാട്ടുന്നു. ഈ വർഷം ഫെബ്രുവരി 20 ന്, റാവൽപിണ്ടിയിലെ ഒരു കടയ്ക്ക് പുറത്ത് ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്ഥാപക കമാൻഡർ ബഷീർ അഹമ്മദ് പീറിനെ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നു. പാക്കിസ്ഥാനിൽ അഭയം പ്രാപിച്ചാലും രക്ഷയില്ലെന്ന് മനസിലാക്കിയത് കൊണ്ടാകാം തീവ്രവാദികളിൽ ചിലർ അഫ്ഗാനിസ്ഥാനിലേയ്ക്കും താവളം മാറ്റി. പക്ഷെ കൊല്ലപ്പെടുന്നത് തുടരുകയാണ്.
ഇന്ത്യ പുറത്ത് വിട്ട് മോസ്റ്റ് വാഡണ്ട് പട്ടികയിലെ പ്രധാനിയാണ് ഐ.എസിന്റെ കാശ്മീരി ഹെഡ് ഇജാസ് അഹമ്മദ് അഹാംഗർ. ഫെബ്രുവരി 14 ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരുകാലത്ത് ജമ്മുകശ്മീരിൽ സജീവമായിരുന്ന തീവ്രവാദ സംഘടനയായ അൽ ബദറിന്റെ മുൻ കമാൻഡറായിരുന്ന സയ്യിദ് ഖാലിദ് റാസ ഫെബ്രുവരി 26-ന് കറാച്ചിയിലെ വീടിന് പുറത്ത് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ തീവ്രവാദ സംഘടനകൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന സയ്യിദ് നൂർ ഷലോബർ മാർച്ച് 3 ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ കൊല്ലപ്പെട്ടു.
ഈ കൊലപാതകങ്ങളെല്ലാം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ആസൂത്രണം ചെയ്തതാണന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ തെളിവ് ഇല്ലാത്തതിനാൽ ഔദ്യോഗികമായി ആരോപണം ഉന്നയിക്കാൻ സാധിക്കില്ല.കൊല്ലപ്പെട്ടവരെല്ലാം അന്താരാഷ്ട്ര സമൂഹവും തിരയുന്നവരായതിനാൽ യു.എൻ വേദികളിൽ പോലും ഇന്ത്യക്കെതിരെ സംസാരിക്കാൻ പാക്കിസ്ഥാന് കഴിയല്ല. ഇത്തരം സന്ദർഭങ്ങളിൽ പാക്ക് സൈന്യം തീവ്രവാദഗ്രൂപ്പുകളെ ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ വിടുകയാണ് പതിവ്. അത് കൊണ്ട് തന്നെ പ്രത്യാക്രമണം പ്രതിരോധ സേനകൾ പ്രതീക്ഷിക്കുന്നു. പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾ പാക്ക് സൈന്യത്തിന്റെ സഹായത്തോടെ പുതിയ തീവ്രവാദ സംഘങ്ങൾ നടത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 20ന് പൂഞ്ചിൽ സൈനിക ട്രക്കിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. മെയ് 5 ന്, രാജൗരിയിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു.