ലോകകപ്പിലെ ഓരോ മത്സരങ്ങൾ അവസാനിക്കുമ്പോഴും പാക് പട പരുങ്ങലിലാണ്. ഇമ്രാൻ ഖാന്റെ നായകത്വത്തിൽ 1992 ൽ കിരീടം നേടിയ അവർക്ക് കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അവസാന നാലില്‍ എത്താന്‍ പോലും കഴിഞ്ഞില്ല. ജേതാക്കളായതിന് ശേഷമുള്ള മികച്ച പ്രകടനം 1999ലാണ് ടീം കാഴ്ച വെച്ചത്, അന്ന് കലാശപ്പോരിൽ പാകിസ്താൻ കീഴടങ്ങുകയായിരുന്നു. കിരീടം ചൂടിയിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടതും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയാത്തതും ടീമിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല. മുൻതാരങ്ങളടക്കമുള്ളവർ ടീമിനെതിരെ തിരിഞ്ഞപ്പോൾ കടുത്ത സമർദ്ദത്തിലാണ് നായകൻ ബാബർ അസമും സംഘവും.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്താന്റെ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ തുടരെ തുടരെയുള്ള തോൽവികൾ ടീമിന്റെ സെമി സാധ്യതകൾ ഏറെക്കുറെ അവസാനിച്ച മട്ടിലാണ്. നെതെർലൻഡ്സിനോടുള്ള ആദ്യ മത്സരത്തിൽ വിജയതുടക്കം ലഭിച്ച അവർക്ക് ശ്രീലങ്കയോടുള്ള രണ്ടാം മത്സരത്തിലും ജയിച്ചു. എന്നാൽ ഇന്ത്യയോടുള്ള ഏറ്റുമുട്ടലിൽ പാക് പടയ്ക്ക് അടിപതറി. ഏഴു വിക്കറ്റിന്റെ കനത്ത തോൽവിക്കാണ് അവർ വഴങ്ങിയത്. തുടർന്ന് പാകിസ്താന്റെ അസ്തമയമാണ് കളത്തിൽ കണ്ടത്. പിന്നീട് നടന്ന കളികളിൽ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും അവർ പരാജയം സമ്മതിച്ചു.
പാകിസ്താന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നത് നായകന്‍ ബാബര്‍ ആസമാണ്. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനോ മികച്ച ടീം അന്തരീക്ഷം സൃഷ്ടിക്കാനോ ബാബറിന് സാധിക്കുന്നില്ല. ബാബറിനും സെലക്ടര്‍ക്കും പൂര്‍ണ്ണം സ്വാതന്ത്ര്യം നല്‍കിയിട്ടും പ്രകടനം മെച്ചപ്പെടാത്തതിനെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് അടക്കം രംഗത്തെത്തിയിരുന്നു. ബാബര്‍ മണ്ടന്‍ ക്യാപ്റ്റനാണെന്നും നായകസ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെടുന്ന ആരാധകര്‍ പാകിസ്താന്റെ മോശം ഫീല്‍ഡിങ്ങാണ് തോല്‍വിയുടെ പ്രധാന കാരണമെന്നും അഭിപ്രായപ്പെടുന്നു. നിലവിലെ ഏറ്റവും മോശം ഫീല്‍ഡിങ് പ്രകടനം നടത്തുന്ന ടീം പാകിസ്താനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു പന്ത് പോലും പിടിക്കാന്‍ അറിയാത്ത രീതിയിലേക്ക് പാക് ടീം തകർന്നുവെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു. ദിവസം എട്ട് കിലോ മട്ടന്‍ കഴിച്ചിട്ടും അതിന്റെ ഗുണം കളിയിലില്ലെന്ന് മുന്‍ പാക് സൂപ്പര്‍ താരം വസിം അക്രമിന്റെ രൂക്ഷ വിമർശനവും ടീമിനേല്പിച്ച അപമാനം ചെറുതൊന്നുമല്ല.
കളിച്ച ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം ജയിച്ച പാകിസ്താൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണുള്ളത്. തോൽവിയുടെ കനത്ത ആഘാതത്തിൽ നിന്ന് കര കയറാൻ ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചേ മതിയാകൂ. മുൻ താരങ്ങളടക്കം വലിയൊരു നിര തന്നെ പാകിസ്താൻ ടീമിനും ക്യാപ്റ്റൻ ബാബർ അസമിനുമെതിരെ തിരിഞ്ഞ നിലയ്ക്ക് തുടർ മത്സരങ്ങൾ ജയിക്കണം. അല്ലെങ്കിൽ ബാബർ അസമിന്റെ കരിയറിന് തന്നെ വലിയ ക്ഷീണമേൽപ്പിക്കും. അസ്തമിച്ച സെമി പ്രതീക്ഷകൾക്ക് ഉണർവ് നൽകാനും പാക് പടയ്ക്ക് കഴിയണം.