ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര തലത്തിലുള്ള നടപടികളിൽ ഏറ്റവും പ്രധാനം സിന്ധു നദീജലകരാർ മരവിപ്പിക്കുന്നതാണ്.
പാകിസ്ഥാന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന യഥാർത്ഥ സർജിക്കൽ സ്‌ട്രൈക്കായാണ് ഈ തീരുമാനത്തെ ആഗോളതലത്തിൽ വിലയിരുത്തുന്നത്. ഈ തീരുമാനത്തിലൂടെ പാകിസ്ഥാന് കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവുമാകും അനുഭവിക്കേണ്ടി വരിക.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജലകരാർ 1960ൽ നിലവിൽ വന്നതാണ്. ഇന്ത്യാ പാക് യുദ്ധം നടന്നപ്പോൾ പോലും ഈ കരാർ ഇന്ത്യ പാലിച്ചിരുന്നതാണ്. എന്നാൽ കാശ്മീരിൽ അതിക്രമിച്ച് കടന്ന് നിരപരാധികളായ വിനോദസഞ്ചാരികളെ വെടിവച്ച് കൊന്നത് ഒരുതരത്തിൽ സഹിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് സുപ്രധാനമായ ഈ കരാർ മരവിപ്പിച്ചതിലൂടെ മോദി സർക്കാർ നൽകുന്നത്.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ വന്നതാണ് സിന്ധു നദീജലകരാർ. ഇതുപ്രകാരം സിന്ധു നദിയുടെ ഭാഗമായ കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചെനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും.
ഇരു രാജ്യങ്ങൾ തമ്മിൽ ജലം പങ്കുവയ്ക്കുന്നതിലും കരാറിൽ കൃത്യമായ കണക്കുണ്ട്. പാക്കിസ്ഥാന് 99 ബില്ല്യൻ ക്യുബിക് മീറ്റർ വെള്ളവും ഇന്ത്യയ്ക്ക് 41 ബില്ല്യൻ ക്യുബിക് മീറ്റർ വെള്ളവുമാണ് കരാർ പ്രകാരം ലഭിച്ചിരുന്നത്. ഇത് റദ്ദാക്കുന്നതോടെ പാകിസ്ഥാൻ പാടെ തകരും.
ഇന്ത്യയുടെ തീരുമാനത്തോടെ പാകിസ്ഥാന്റെ പ്രധാന ജലസ്രോതസാണ് അടയുന്നത്. ജലസേചനത്തിനും കൃഷിക്കുമടക്കം ഉപയോഗിക്കുന്ന ജലം ലഭിക്കാതെ വന്നാൽ കടുത്ത വരൾച്ചയും ഭക്ഷ്യ ക്ഷാമവുമാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്. ജനം പട്ടിണിയിലായാൽ അത് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറും എന്നും ഉറപ്പാണ്.