കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യം അനുവദിച്ച് കോടതി. പൊലീസിൻ്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം, ഒന്നാം പ്രതി പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.(Oyur kidnapping case; 2nd accused Anithakumari granted bail)
കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയത്. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.