തിരുവനന്തപുരം: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് ഉത്തരവിറങ്ങി.Order issued for salary challenge in the state
കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം സിഎംഡിആർഎഫിൽ നൽകണമെന്നാണ് ഉത്തരവിലുള്ളത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേയ്ക്ക് മാറ്റും.
എല്ലാ ജീവനക്കാരും തുക നൽകാനുള്ള സമ്മതപത്രം എഴുതി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ഗഡുക്കളായും തുക നൽകാനും അവസരമുണ്ട്.
പിഎഫിൽ നിന്ന് തുക പിടിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി പ്രത്യേക അപേക്ഷ നൽകണം. സെപ്റ്റംബർ വിതരണം ചെയ്യുന്ന ശമ്പളത്തിൽ നിന്ന് തുക പിടിച്ചു തുടങ്ങും
നേരത്തെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മുഖ്യമന്ത്രി സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു.
വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ആയിരം കോടി രൂപയെങ്കിലും വേണമെന്ന് മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു.
പത്ത് ദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്നായിരുന്നു സംഘടനാ പ്രതിനിധികളുടെ നിലപാട്.
ശമ്പള വിഹിതം നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിടരുതെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
താൽപ്പര്യമുള്ളവർക്ക് ഗഡുക്കളായി പണം നൽകാനുള്ള അവസരമുണ്ടാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.