മഴ ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 ദിവസം മലബാറിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. (Orange alert in 3 districts; Risk of landslides and landslides in hilly areas; Flood warning in Manimalayar)
കോട്ടയം ജില്ലയിലെ മണിമലയാറിൽ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള യെലോ അലർട്ട് പുറപ്പെടുവിച്ചു. പുല്ലക്കയാർ സ്റ്റേഷൻ പരിസരത്താണ് കേന്ദ്ര ജല കമ്മീഷൻ യെലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മണിമലയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജലകമ്മീഷന്റെ മുന്നറിയിപ്പുണ്ട്.
ജൂലൈ 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകൾക്ക് ഇന്ന് യെലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.