കാറിൽ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ
കൊണ്ടോട്ടി: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് കൊണ്ടോട്ടി പൊലീസ്. മലപ്പുറം വലിയങ്ങാടി സ്വദേശി പണ്ടാറക്കൽ മുനവ്വർ (32) ആണ് പിടിയിലായത്. കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ (35) ജൂലൈ 13ന് രാവിലെ 7.30ഓടെ പുളിക്കൽ വലിയപറമ്പ് ആലുങ്ങലിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ സംഭവത്തിൽ നേരിട്ട് പങ്കാളിത്തമുള്ളയാളാണ് മുനവ്വറെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ അഞ്ചായി. പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ മാത്രമാണ് ഇനി പിടിയിലാകാനുള്ളതെന്ന് കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ പറഞ്ഞു. പ്രധാന പ്രതിയുടെ സുഹൃത്തും ചെന്നൈയിലെ സ്ഥാപനത്തിലെ പങ്കാളിയും ഗൂഢാലോചന മുതൽ മർദനം നടത്തിയതു വരെയുള്ള സംഭവത്തിൽ ഉൾപ്പെട്ടയാളുമാണ് മുനവ്വറെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവശേഷം മുങ്ങിയ പ്രതിയെ ചെന്നൈയിൽനിന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസിലും എക്സൈസിലും നേരത്തേയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാവിനെ കാറിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി; കൊള്ളയടിച്ചത് 9 ലക്ഷം രൂപ; നാലംഗ സംഘത്തിനായി തെരച്ചിൽ തുടങ്ങി; സംഭവം കണ്ണൂരിൽ
ബംഗളൂരുവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാവിനെ കാറിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് ലക്ഷങ്ങൾ കൊള്ളയടിച്ചു.
ഏച്ചൂർ കമാൽപീടിക കുയ്യൽ അമ്പലറോഡ് സ്വദേശിയായ പി പി റഫീഖിനെയാണ് (44) തട്ടിക്കൊണ്ടു പോയി ഒൻപത് ലക്ഷം രൂപ കൊള്ളയടിച്ചത്.
സാരമായി പരിക്കേറ്റ റഫീഖിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
ബാങ്കിൽ പണയംവച്ച ഭാര്യയുടെ സ്വർണം തിരിച്ചെടുക്കാനായി പലരിൽ നിന്നും കടം വാങ്ങിയ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.
പുലർച്ചെ ബസിറങ്ങി നിൽക്കുമ്പോൾ കാറിൽ വന്നിറങ്ങിയ മുഖംമൂടി സംഘം ബലമായി കാറിൽ കയറ്റുകയായിരുന്നു. എതിർത്തപ്പോൾ കാലുകൾ വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി.ബഹളം വച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് തലയ്ക്കും നെഞ്ചത്തും മർദിക്കുകയും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൈക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.തുടർന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കിയശേഷം കാപ്പാട് റോഡരികിൽ ഉപേക്ഷിച്ച് മുഖംമൂടി സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് റഫീഖ് പൊലീസിന് മൊഴി നൽകി.റോഡരികിൽ അർദ്ധ അബോധാവസ്ഥയിൽ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ബംഗളൂരുവിൽ നിന്ന് പണവുമായി വരുന്നതിനെക്കുറിച്ച് കൃത്യമായി അറിയാവുന്നവരായിരിക്കാം കൊള്ളയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു.ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വാഹനത്തിൽ നാലുപേരാണുണ്ടായതെന്ന് റഫീക്ക് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നുണ്ട്.
ENGLISH SUMMARY:
One More Arrest in Youth Assault and Attempted Murder Case. In connection with the incident where a youth was allegedly hit by a car and then brutally assaulted in an attempted murder, Kondotty police have arrested another person. The arrested individual has been identified as Pandarakal Munavvar (32), a native of Valiyangadi, Malappuram.