തിരുവനന്തപുരം:25 കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾക്ക് മാത്രം.2022ൽ 25 കോടി രൂപയായി ഒന്നാം സമ്മാനം വർദ്ധിപ്പിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നറുക്കെടുപ്പാണ് നടക്കാൻ പോകുന്നത്. ഒന്നാം സമ്മാനം കൂടാതെ മറ്റ് സമ്മാനങ്ങളിലും വർദ്ധനവ് ഇപ്രാവശ്യം ഉണ്ട്.കൂടുതല്‍ പേർക്ക് സമ്മാനം ലഭിക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ആകെ അച്ചടിച്ച 85 ലക്ഷം ടിക്കറ്റില്‍ 71.5 ലക്ഷം ടിക്കറ്റുകള്‍ ഇത് വരെ വിറ്റു പോയിട്ടുണ്ട്. കഴിഞ്ഞ വർഷം 67 ലക്ഷത്തോളം ടിക്കറ്റായിരുന്നു ആകെ വിറ്റത്.
ലോട്ടറി ടിക്കറ്റ് അടിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയാം. 10000 ത്തിന് താഴെയുള്ള സമ്മാനത്തുകയാണെങ്കില്‍ ഏജന്‍സികള്‍ തന്നെ തുക ലഭിക്കും. അതിന് മുകളിലുള്ളതാണെങ്കില്‍ ലോട്ടറി വകുപ്പ് ഓഫീസുകളില്‍ നിന്നോ ബാങ്കില്‍ നിന്നോ ആയിരിക്കും സമ്മാനം ലഭിക്കുക. അതേസമയം തന്നെ സമ്മാനം ലഭിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ലോട്ടറി ഓഫീസില്‍ ഹാജരാക്കേണ്ടത് എന്ന കാര്യത്തില്‍ പലർക്കും സംശയം ഉണ്ടാവും. അത്തരം എന്തൊക്കെയെന്ന് പരിശോധിക്കാം.
സമ്മാനം ലഭിച്ച ലോട്ടറി കൈവശം ഉണ്ടായിരിക്കണമെന്ന് എല്ലാവർക്കും അറിയാം. സമ്മാനം അടിച്ചെന്ന് ഉറപ്പായി കഴിഞ്ഞാല്‍ ലോട്ടറി ടിക്കറ്റിന്റെ പിന്‍ഭാഗത്ത് നിര്‍ദ്ദിഷ്ട സ്ഥലത്ത് ആധാര്‍കാര്‍ഡില്‍ ഉള്ളതുപോലെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടണം. അതിനുശേഷം ലോട്ടറിയുടെ ഇരുവശത്തിന്റെയും ഫോട്ടോകോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. ഈ ഫോട്ടോകോപ്പികള്‍ക്കൊപ്പം യഥാര്‍ഥ ടിക്കറ്റും കൂടി ബാങ്കിലോ ജില്ലാ ലോട്ടറി ഓഫീസിലോ ആണ് ഹാജരാക്കേണ്ടത്. ലോട്ടറി ടിക്കറ്റിന് പുറമെ, ബാങ്ക് അക്കൗണ്ട് രേഖകള്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയും നല്‍കണം. ആധാറിന്റെയും പാന്‍കാര്‍ഡിന്റെയും ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം ബാങ്കിലും ലോട്ടറി ഓഫീസിലും സമർപ്പിക്കേണ്ടത്.
ലോട്ടറി ടിക്കറ്റ് സമർപ്പിച്ചാല്‍ നിങ്ങള്‍ക്ക് സമ്മാനത്തുക ലഭിക്കില്ല. അതിന് ലോട്ടറി ഓഫീസില്‍ നിന്നോ കേരള ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ കിട്ടുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമ്മാനാര്‍ഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം. ഈ ഫോട്ടോയില്‍ ഒരു ഗസറ്റഡ് ഓഫീസറുടെ ഒപ്പും പേരും സീലും നിർബന്ധമാണ്. ജന്‍ധന്‍, സീറോ ബാലന്‍സ് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറില്ലെന്നത് മറന്നു പോവരുത്. ബാങ്ക് വഴിയാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ സമ്മാനാര്‍ഹന്‍ ബാങ്കിനെ അധികാരപ്പെടുത്തുന്നതടക്കം ആ ബാങ്കില്‍ നിന്നുള്ള കൂടുതല്‍ രേഖകളും ആവശ്യമാണ്. സമ്മാനം നേടിയത് ഒരു ഇതരസംസ്ഥാനക്കാരനാണെങ്കില്‍ എല്ലാരേഖകളും നോട്ടറി ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം .
ഒന്നാം സമ്മാനം തന്നെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ 30 ദിവസത്തിനകം ടിക്കറ്റ് ലോട്ടറി സമർപ്പിച്ചിരിക്കണം എന്നാണ് നിയമം. ചില സാഹചര്യത്തില്‍ ഒരു 30 ദിവസം കൂടി ഇളവ് നല്‍കാന്‍ ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് അധികാരമുണ്ട്. രേഖകള്‍ സംഘടിപ്പിക്കാനുള്ള കാലതാമസമാണ് കാരണമെങ്കില്‍ അതിന് കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കേണ്ടി വരും. രണ്ട് മാസത്തിന് ശേഷവും ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയും ഒരു 30 ദിവസം കൂടി നല്‍കും. എന്നാല്‍ ഈ സമയത്ത് തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടര്‍ക്ക് മുന്നിലാണ് ടിക്കറ്റുമായി എത്തേണ്ടത്. 60 ദിവസത്തിനകം എവിടെയും ലോട്ടറി നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് ലോട്ടറി വകുപ്പ് ഡയറക്ടറെ ബോധ്യപ്പെടുത്തേണ്ടതായും വരും.
പെട്ടെന്ന് തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ അത്രയും പെട്ടെന്ന് തന്നെ തുകയും അക്കൗണ്ടിലേക്ക് എത്തും. 30 ദിവസത്തിനകം തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ സാധാരണഗതിയില്‍ പണം പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ അക്കൗണ്ടിലേക്ക് എത്തും. അതേസമയം ഗ്രൂപ്പായിട്ടാണ് ടിക്കറ്റ് എടുക്കുന്നതെങ്കില്‍ ലോട്ടറി അടിച്ച വ്യക്തികൾ ചേർന്ന് ജോയിൻറ് അക്കൗണ്ട് തുടങ്ങാം. ടിക്കറ്റ് കൈമാറുമ്പോൾ ഈ അക്കൗണ്ടിലേക്ക് വരും.
ഇനി ഓണം ബംബർ അടിക്കാൻ വല്ല ട്രിക്കുമുണ്ടോ? കഴിഞ്ഞ വർഷത്തെ ബമ്പർ വിജയി അനൂപ് പറയുന്നത് ഇപ്രകാരം ആണ്. ‘ഇപ്പോൾ അടിക്കുന്ന ലോട്ടറി നമ്പറുകൾ ശ്രദ്ധിച്ചാൽ മതി. മിക്കതും ഫാൻസി നമ്പറുകളാണ് വരുന്നത്. ടിക്കറ്റ് എടുക്കുന്നവർക്ക് മനസിലാകും. ചിലർക്ക് സമ്മാനവും കിട്ടാറുണ്ട്. ബംബറിന്റെ കാര്യത്തിൽ ഒന്നാം സമ്മാനം ചിലപ്പോൾ മാറിയും തിരിഞ്ഞുമൊക്കെ വരാം, എന്നാലും ഫാൻസി നമ്പർ വരാം. ചിലപ്പോൾ 643540, അങ്ങനെ അഞ്ചും പൂജ്യവുമൊക്കെ വരുന്നത്, തുടർച്ചയായി ഒരേ സംഖ്യവരുന്നത് ,നാല് നമ്പറിന്റ അപ്പറവും ഇപ്പുറവുമൊക്കെ ഒരേ സംഖ്യ വരുന്നത്, അങ്ങനെ കുറച്ച് കാര്യങ്ങൾ ഉണ്ടെന്നും അനൂപ് പറയുന്നു.
Also Read: ‘മതേതരത്വം’ ‘സോഷ്യലിസം’ ഔട്ട്. ഭരണഘടനയുടെ ആമുഖത്തിലെ തെറ്റ് മനപൂർവ്വമോ.