വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയാകാറുണ്ടായിരുന്നു എന്ന കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡിന്റെ അന്തിമ റിപ്പോർട്ട്. ക്യാംപസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ട് പറയുന്നുത്.
സിദ്ധാർത്ഥൻ ക്യാംപസിൽ ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായി എന്നാണ് ആൻറി-റാംഗിങ് സ്ക്വാഡിൻറെ അന്തിമ റിപ്പോർട്ടിൽ പറയുന്നത്.
ദിവസവും യൂണിയൻ പ്രസിഡൻറ് അരുണിൻറെ മുറിയിൽ പോയി ഒപ്പുവയ്ക്കണം. സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ഉള്ളയാളാണ് അരുൺ. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാർത്ഥിന് നൽകിയത്. എട്ട് മാസത്തോളം സിദ്ധാർത്ഥനെ ഇങ്ങനെ നിർബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി.
ജന്മദിനത്തിൽ രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ സിദ്ധാർഥനെ കെട്ടിയിട്ടു. തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. സിദ്ധാർഥൻ മരിക്കുന്നതിനു മുൻപ് നേരിട്ട മർദ്ദനം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടത്തലുകൾ സൂചിപ്പിക്കുന്നത്. സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ പാചകക്കാരൻ സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചെന്നും ക്യാംപസിലെ സുരക്ഷാ ജീവനക്കാരിൽ ചിലർ സ്ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വി.സിക്ക് നൽകാനാണു തീരുമാനം.
പ്രതികൾ സിദ്ധാർത്ഥനെ ലക്ഷ്യമിടാൻ കാരണം സിദ്ധാർത്ഥൻ ക്യാംപസിൽ തിളങ്ങുന്നതിലുള്ള അസൂയ കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോട്ടോഗ്രാഫർ കൂടിയായി സിദ്ധാർത്ഥൻ ക്യാംപസിൽ ജനകീയനായിരുന്നു.
ഹോസ്റ്റലിന് സമീപത്തെ കുന്നിൻമുകളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിക്കുമ്പോൾ ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നു എന്നും ആൻറി-റാഗിങ് സ്ക്വാഡിൻറെ അന്തിമറിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഒന്നും ലഭ്യമല്ല. അതിനാൽ തന്നെ ഈ വിഷയം പൊലീസിൻറെ പരിഗണനയ്ക്ക് വിടുകയാണ്.
സിദ്ധാർത്ഥൻ മരിച്ച 18-ന് ഉച്ചയ്ക്ക് മുമ്പ് ഹോസ്റ്റലിലുള്ള വിദ്യാർത്ഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രതികൾ ഉൾപ്പെടെ ഉള്ളവരുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
166 വിദ്യാർഥികളിൽ നിന്നാണ് സ്ക്വാഡ് മൊഴിയെടുത്തത്. മർദ്ദനത്തിന് പിന്നാലെ ഹോസ്റ്റൽ മെസ്സിലെ കുക്ക് ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കോളേജിലെ സെക്യൂരിറ്റിയും മൊഴി നല്കാൻ എത്തിയില്ല. ഇതെല്ലാം സംശയങ്ങളുയർത്തുന്നു. കേസിൽ അറസ്റ്റിലായ ഇരുപത് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്. കേസ് സിബിഐക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.