കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറത്താക്കിയ താലൂക്ക് യൂണിയൻ പ്രസിഡൻറിനെതിരെ കൂടുതൽ നടപടിയുമായി എൻ.എസ്.എസ്. കോട്ടയം മീനച്ചിൽ താലൂക്ക് യൂണിയൻ മുൻ പ്രസിഡൻറ് സി.പി. ചന്ദ്രൻനായരെ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗത്തിൽ നിന്ന് ഒഴിവാക്കി. ചന്ദ്രൻനായരിൽ നിന്ന് രാജി എഴുതി വാങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം പാലായിൽ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻറെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ ചന്ദ്രൻനായർ പങ്കെടുത്തതിന് പിന്നാലെ എൻ.എസ്.എസ് അംഗങ്ങൾക്കിടയിൽ ഭിന്നത ഉടലെടുത്തിരുന്നു. വിഷയം എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി.
അതിന് പിന്നാലെ താലൂക്ക് യൂനിയൻറെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിളിച്ചുവരുത്തി. തുടർന്ന് ചന്ദ്രൻനായരുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ആരും പുറത്താക്കിയതല്ലെന്നും സ്വയം രാജി സമർപ്പിച്ചതാണെന്നും ചന്ദ്രൻനായർ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിന് സമദൂര നിലപാടാണ്. അതിന് വിരുദ്ധമായ നടപടി ഉണ്ടായതിനാലാണ് നടപടി സ്വീകരിച്ചതെന്നാണ് എൻ.എസ്.എസ് വൃത്തങ്ങളുടെ വിശദീകരണം. കുറച്ചുനാളായി ചന്ദ്രൻനായർ എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുന്നത് എൻ.എസ്.എസിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നതായും സമുദായാംഗങ്ങൾ ആരോപിക്കുന്നു.
എന്നാൽ, എൻ.എസ്.എസിൻറെ പല ഭാരവാഹികളും പല ജില്ലകളിലും പല രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായും അവർക്കെതിരെയൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും സമുദായാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. എൻ.എസ്.എസിൻറെ എൽ.ഡി.എഫ് വിരുദ്ധതയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കുറച്ചുനാൾ മുമ്പ് എൻ.എസ്.എസിൻറെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരുൾപ്പെടെ ചില എൽ.ഡി.എഫ് അനുകൂലികൾക്കെതിരെയും നടപടിയെടുത്തിരുന്നു. ചിലർ സ്വയം സ്ഥാനം ഉപേക്ഷിച്ച് പോകുകയും ചെയ്തിരുന്നു.