ഹൈടെക്കായി മാറുകയാണ് തൃശൂരിലെ ആകാശപ്പാത. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് വലിയ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ശക്തൻ നഗറിലെ ആകാശനടപ്പാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ജൂൺ അവസാന വാരത്തോടെ ആകാശപ്പാത പൊതുജനത്തിന് തുറന്ന് നൽകാനാണ് കോർപറേഷന്റെ തീരുമാനം.
നാല് ലിഫ്റ്റുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. വയറിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ശീതീകരിക്കുന്നതിനൊപ്പം കോഫി പാർലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആകാശനടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കോർപറേഷൻ ആകാശനടപ്പാതയിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്. 360 മീറ്ററാണ് നീളം. നാല് ലിഫ്ടുകള്‍, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ് ക്ലാഡിംഗ് കവര്‍, എ.സി എന്നിവ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരം, മത്സ്യമാംസ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന്‍ നഗര്‍ മൈതാനം എന്നീ നാല് ഭാഗങ്ങളില്‍ നിന്നും ആകാശപ്പാതയിലേക്ക് ചവിട്ടുപടികളിലൂടെ പ്രവേശിക്കാനാകും. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച ഈ മേഖലയിൽ സുരക്ഷ ലക്ഷ്യമിട്ടാണ് ആകാശപ്പാത ഒരുക്കിയിരിക്കുന്നത്.
Read More: വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്; ഡിസിസി പ്രസിഡന്റുമാരെ മാറ്റും