പല്വാള്: വേഗതയുടെ പുത്തന്‍ അനുഭവം യാത്രക്കാർക്ക് സമ്മാനിച്ച വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും കൂട്ടും.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി റയില്‍വേ അറിയിച്ചു. ഇതോടെ ഇനി കൂടുതല്‍ വേഗതയില്‍ വന്ദേഭാരതില്‍ സഞ്ചരിക്കാനാവും എന്നതാണ് യാത്രക്കാരെ സംബന്ധിച്ച് വലിയ സന്തോഷ വാര്‍ത്ത.
നേരത്തേയും കവച് സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണും സിഇഒയുമായ ജയ വര്‍മ സിന്‍ഹയും നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്തേണ്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പല്‍വാളിനും വൃന്ദാവനുമിടയിലുള്ള വന്ദേ ഭാരത് ട്രെയിനില്‍ ‘റെയില്‍വേ കവച്ച്’ ട്രയല്‍ പരിശോധിച്ചു.
രാവിലെ 9.15ന് പല്വാള്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച ട്രയല്‍ റണ്‍ വൃന്ദാവന്‍ സ്റ്റേഷനില്‍ അവസാനിച്ചു.
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍, നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ദേശീയ തലസ്ഥാന മേഖലയുടെ പ്രിന്‍സിപ്പല്‍ ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍, റെയില്‍വേ ബോര്‍ഡ് പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ആഗ്ര ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവരും മറ്റ് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും ട്രയല്‍ റണ്ണില്‍ പങ്കെടുത്തു. എല്ലാ പാരാമീറ്ററുകളും കാര്യക്ഷമമായി പാലിച്ച ‘കവചിന്റെ ‘ വിജയകരമായ പ്രവര്‍ത്തനത്തില്‍ സിന്‍ഹ സന്തുഷ്ടനായതായി ട്രയല്‍ റണ്ണില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഡെപ്യൂട്ടി ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ ഖുഷ് ഗുപ്തയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ട്രയല്‍ റണ്‍.